thayyil-murder

കണ്ണൂർ: തയ്യിൽ സ്വദേശിനി കൊടുവള്ളി ഹൗസിൽ ശരണ്യയെന്ന 23കാരി ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടൽത്തീരത്തെ പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത് കാമുകന്റെ നിർദ്ദേശ പ്രകാരമായിരുന്നോയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം. കഴിഞ്ഞ 17ന് രാവിലെയാണ് ശരണ്യയുടെ മകൻ വിയാനെ കടൽഭിത്തിയിൽ മരിച്ച നിലയിൽ കാണുന്നത്. സംഭവത്തിൽ മാതാവ് ശരണ്യയെ സിറ്റി പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. കുഞ്ഞിനെ കൊന്ന് കുറ്റം ഭർത്താവ് പ്രണവിന്റെ തലയിലാക്കി വലിയന്നൂർ സ്വദേശിയായ കാമുകനൊപ്പം ജീവിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ചോദ്യംചെയ്യലിൽ ശരണ്യ വ്യക്തമാക്കിയത്. തനിക്ക് മാത്രമാണ് കൊലപാതകത്തിൽ പങ്കെന്നും ശരണ്യ വ്യക്തമാക്കിയെങ്കിലും പ്രണവിന്റെ മൊഴിയിൽ കാമുകനും പങ്കുണ്ടെന്ന സംശയം ഉയർന്നതിനാൽ ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

റിമാൻഡിൽ കഴിയുന്ന ശരണ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. കാമുകനെയും പൊലീസ് രണ്ടുദിവസമായി ചോദ്യംചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് തലേന്നാൾ രാത്രി ശരണ്യയുടെ വീടിന് സമീപം കാമുകനെത്തിയതായി അയൽവാസിയുടെ മൊഴിയുണ്ടായിരുന്നു. നേരത്തെയുള്ള ചോദ്യംചെയ്യലിൽ കാമുകൻ ഇക്കാര്യം മറച്ചുവച്ചത് പൊലീസിന് സംശയത്തിനിടയാക്കി. കാമുകനെ വീടിന് സമീപം സംശയിക്കുന്ന തരത്തിൽ കണ്ടുവെന്നും ചോദിച്ചപ്പോൾ പൊലീസ് ഹെൽമറ്റ് പരിശോധന നടത്തുന്നതിനാൽ മാറിനിൽക്കുന്നതാണെന്നുമാണ് ഇയാൾ പറഞ്ഞതെന്നാണ് അയൽവാസിയുടെ മൊഴി. പിന്നീട് ഇയാൾ തിരികെ പോയെന്നും ഇയാൾ പറയുന്നു.

ഇന്നലെ നടത്തിയ ചോദ്യംചെയ്യലിൽ താൻ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് തലേന്നാൾ രാത്രി ശരണ്യയെ കാണാനെത്തിയതായി സമ്മതിച്ചിട്ടുണ്ട്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട രേഖ കൈമാറാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് മൊഴി. ഇയാളുടെ ആധാർകാ‌ർഡ് ഉൾപ്പെടെയുള്ള രേഖകൾ ശരണ്യയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായും നേരത്തെ വിവരം പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ശരണ്യയും കാമുകനും ബാങ്ക് വായ്പയെടുക്കാൻ തീരുമാനിച്ചതിന് പിന്നിൽ എന്തെങ്കിലും ആസൂത്രണമുണ്ടായോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപ് കാമുകനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ശരണ്യയെ വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു അന്നിയാൾ പറഞ്ഞത്. മാത്രമല്ല, ശരണ്യ കസ്റ്റഡിയിലിരിക്കുമ്പോൾ ഇവരുടെ മൊബൈൽ ഫോണിലേക്ക് കാമുകൻ 17 തവണ വിളിച്ചിരുന്നു. ഇതേതുടർന്നാണ് ശരണ്യയുടെ കാമുകനെ കുറിച്ചുളള വിവരം പൊലീസിന് ലഭിക്കുന്നതും.

എറണാകുളത്ത് ജോലി ചെയ്യുന്ന ഇയാൾ, കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യംഅറിയാതെയാണ് ശരണ്യയെ വിളിച്ചതെന്നാണ് ഇതേതുടർന്ന് പൊലീസിന് മനസിലായത്. എന്നാൽ ശരണ്യയും കാമുകനും തലേന്നാൾ വീടിന് സമീപം കൂടിക്കാഴ്ച നടത്തിയതും വായ്പയെടുക്കാനായി പദ്ധതിയിട്ടതുമാണ് ഇപ്പോഴത്തെ ദുരൂഹതയ്ക്ക് കാരണം. അതിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി കാമുകനേയും ശരണ്യയേയും ഒരുമിച്ചിരുത്തിയും പൊലീസ് മൊഴി രേഖപ്പെടുത്തിയേക്കും. അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നോട്ടിസ് നൽകി വിളിച്ചുവരുത്തിയാണ് കാമുകനെ പൊലീസ് ചോദ്യംചെയ്തു തുടങ്ങിയത്. ചോദ്യം ചെയ്യൽ പൂർത്തിയായശേഷമേ കാമുകന് കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.