കാഞ്ഞങ്ങാട്: കടകളിലെ നിരോധിത പ്ലാസ്റ്റിക് ഉപയോഗം പരിശോധിക്കാനെത്തുന്ന കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരെ കൈയേറ്റം ചെയ്യുന്നത് പതിവായി.

നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കവറുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളും ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസം കല്ലൂരാവി ജംഗ്ഷനിലെ കടയിൽ പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും പരിശോധനയിൽ പങ്കെടുത്ത ശുചീകരണ വിഭാഗം ജീവനക്കാരൻ അനിൽകുമാറിനെ മർദ്ദിക്കുകയുമായിരുന്നു.

സംഭവത്തിൽ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പ്രതിഷേധിച്ചു. സംസ്ഥാനത്താകമാനം പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരികയും ബദൽ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസരത്തിൽ സർക്കാറിന്റെ നയപരമായ തീരുമാനത്തിനെതിരെയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെ.എം.സി.എസ്.യുവിന്റെയും മുൻസിപ്പൽ വർക്കേഴ്‌സ് ഫെഡറേഷന്റെയും (സി.ഐ.ടി.യു) കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ നഗരസഭ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. എ. വേണുഗോപാലൻ, എം.വി. ഹരിദാസൻ, ടി.വി. രാജേഷ്, കെ. രാകേഷ്, കെ. ദിനേശൻ എന്നിവർ നേതൃത്വം നൽകി.