ജില്ലാ ഘടകത്തിൽ 16 അംഗ കമ്മിറ്റി

ജില്ലാ ജനറൽ സെക്രട്ടറിമാർ 15

വനിതാ വിഭാഗത്തിൽ ആരും മത്സരിക്കുന്നില്ല.

പട്ടികജാതി വർഗ വിഭാഗത്തിൽ നിന്ന് മൂന്നു പേർ

ജനറൽ വിഭാഗത്തിൽ 13 സ്ഥാനങ്ങളിലേക്ക് 29 പേർ

മൊബൈൽ ആപ്പിൽ ഇന്ന് അഞ്ചു മണിവരെ വോട്ട് ചെയ്യാം

കാസർകോട്: യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ ജില്ലയിൽ നടക്കുന്നത് പൊരിഞ്ഞ പോര്. കോൺഗ്രസിലെ ഐ വിഭാഗം നേതാക്കൾ തമ്മിലാണ് പരസ്പരം പോരടിച്ചു കാസർകോട് കടുത്ത മത്സരം നടക്കുന്നത്.

സംസ്ഥാന തലത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ധാരണപ്രകാരം കാസർകോട്ട് ഐ ഗ്രൂപ്പിനാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം. എന്നാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ വിഭാഗം പ്രവർത്തകർ തന്നെ രംഗത്തെത്തിയതിനാൽ നേതാക്കൾക്ക് സമവായം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

ഐ ഗ്രൂപ്പിലെ രണ്ടുപേർ പരസ്പരം മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ എ ഗ്രൂപ്പിന്റെ നിലപാട് നിർണ്ണായകമാകും. എ ഗ്രൂപ്പിന്റെ പിന്തുണ ലഭിക്കുന്ന സ്ഥാനാർത്ഥി ജില്ലാ പ്രസിഡന്റ് ആകുമെന്നാണ് പറയുന്നത്. പാർലമെന്റ് മണ്ഡലം ഘടകം ഒഴിവാക്കിയാണ് ഇത്തവണ അതാത് ജില്ലാ അടിസ്ഥാനത്തിൽ തന്നെ യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ നിലവിൽ വരുന്നത്.

മത്സരരംഗത്ത് മനാഫ് നുള്ളിപ്പാടിയും ബി.പി പ്രമോദ് കുമാറും

ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മനാഫ് നുള്ളിപ്പാടിയും ബി.പി പ്രമോദ് കുമാറും ഐ ഗ്രൂപ്പുകാരാണ്. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നോമിനിയായാണ് മനാഫ് നുള്ളിപ്പാടി സ്ഥാനാർഥിയത്. അഡ്വ. സി.കെ ശ്രീധരൻ വിഭാഗമാണ് കോടോം ബേളൂരിൽ നിന്നുള്ള ബി.പി പ്രദീപ്കുമാറിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. മനാഫ് നുള്ളിപ്പാടിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയെന്ന് പറഞ്ഞു കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. എന്നാൽ മനാഫിന്റെ പത്രിക സ്വീകരിച്ചുവെന്ന പ്രഖ്യാപനം വന്നതോടെയാണ് വിവാദം കെട്ടടങ്ങിയത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം

കാസർകോട്ടുകാർ തമ്മിൽ

അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലയിൽ നിന്ന് മുൻ കെ.എസ്‌.യു ജില്ലാ പ്രസിഡന്റുമാരായിരുന്ന നോയൽ ടോമിൻ ജോസഫും ജോമോൻ ജോസുമാണ് മത്സരിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും അനുഗ്രഹാശിസുകളോടെയാണ് നോയൽ ടോമിൻ ജോസഫ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എന്നാൽ എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായാണ് ജോമോൻ ജോസ് അറിയപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇരുവരും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്.