പയ്യന്നൂർ: കാൽ നൂറ്റാണ്ടിനു ശേഷം 2021 ൽ പെരുങ്കളിയാട്ടം നടക്കുന്ന പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തി അത്യപൂർവ്വമായ ആചാരപ്പെടൽ ചടങ്ങ് നടന്നു. അന്തിത്തിരിയനും പ്രതിപുരുഷന്മാരും ഇടത്തിരിയനും കാരണവന്മാരുമാണ് ഒരുമിച്ച് ബുധനാഴ്ച ആചാരമേറ്റത്. കരിപ്പത്ത് തറവാട്ടിലെ കൊട്ടിലിൽ ഇരുത്തി പാലും വസ്ത്രവും നൽകി തറവാട്ട് മുത്തമ്മ കരിപ്പത്ത് ലക്ഷ്മി അമ്മ ആചാരപ്പേര് വിളിച്ചു.

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള കലശം കുളിയോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടർന്ന് പുതിയപറമ്പൻ ദൈവത്തിന്റെ പ്രതിപുരുഷൻ കേളോത്ത് പുതിയപറമ്പത്ത് കൊട്ടിലിൽ വന്ദിച്ച് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിലെത്തി. അവിടെ വച്ച് തന്ത്രി വരിക്കോട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി ആചാര പേര് വിളിച്ചു. തങ്കയം കാവിൽ ചൂവാട്ട തറവാട്ടിൽ എത്തി കൊട്ടിലിൽ ഇരുത്തി തറവാട്ട് മൂത്തമ്മ കാവിൽ ചൂവാട്ട ചിരിയ കുഞ്ഞിയമ്മ ആചാര പേര് വിളിച്ച ശേഷമാണ് മറ്റ് സ്ഥാനീകർക്കൊപ്പം കേളോത്ത് കരിപ്പത്ത് തറവാട്ടിൽ എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആചാര സ്ഥാനീകരെ വാല്യക്കാർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തി വിവിധ ക്ഷേത്രം സ്ഥാനികർക്ക് ആചാരക്കൈ കൊടുത്ത് 64 കുറവും തീർത്തു.

കണ്ണമംഗലം കഴകത്തിലെ കുഞ്ഞമ്പു അന്തിത്തിരിയർ തെക്കടവൻ കല്ലത്ത് ഭരതൻ അന്തിത്തിരിയന് ചങ്ങലവട്ട നൽകി പള്ളിയറയിൽ പ്രവേശിപ്പിച്ചു. ഒപ്പം മട്ടുമ്മൽ കേശവൻ ഇടത്തിരിയനും പളളിയറയിൽ പ്രവേശിച്ചു. തണ്ണീനമൃത് അടിയന്തിരത്തിനു ശേഷം പുളുക്കൂൽ വീട്ടിൽ ചന്ദ്രൻ കോമരവും അരയാപ്പിൽ രവി കോമരവും മറ്റ് പ്രതിപുരുഷന്മാർക്കൊപ്പം അരങ്ങിലിറങ്ങി ഭക്തരെ അനുഗ്രഹിച്ചു. തുടർന്ന് വീട്ടുകൂടൽ ചടങ്ങും അന്നദാനവും നടന്നു.