കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജയിലിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ 4.50ഓടെ സംഭവം. കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. മുറിവിൽ നിന്ന് രക്തം വാർന്ന ജോളിയെ കോഴിക്കോട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൈയിലെ മുറിവിൽ ആറ് തുന്നിക്കെട്ട് ഉണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന സൂചന. ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വായകൊണ്ട് കടിച്ച് മുറിവുണ്ടാക്കി ടൈൽസിൽ ഉരച്ച് മുറിവ് വലുതാക്കി എന്നാണ് ജോളി നൽകിയിട്ടുള്ള മൊഴി. ഈ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
നേരത്തെ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ച ജോളിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിരുന്നു. എന്നിട്ടും ഇത്തരത്തിലൊരു സംഭവമുണ്ടായത് ജയിൽ അധികൃതർക്ക് തലവേദനയായി. ജോളി ഉൾപ്പെടെ 6 പേരാണ് സെല്ലിൽ ഉണ്ടായിരുന്നത്. ജോളിയുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു വനിത വാർഡനും നിലവിലുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും കൈയിൽ ഇത്രവലിയ മുറിവ് എങ്ങനെ ഉണ്ടാക്കി എന്നതിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. കൈ ഞരമ്പ് മുറിക്കാനുപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
പുലർച്ചെ ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് തടവുകാരാണ് ആത്മഹത്യാ ശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ഉറക്കമുണർന്ന ഇവർ പുതപ്പിനുള്ളിൽ വച്ചാണ് കൈഞരമ്പ് മുറിച്ചതെന്നാണ് പറയുന്നത്. ജയിലിനുള്ളിൽ ജോളിക്ക് എന്തെങ്കിലും ആയുധങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ജോളിക്ക് ജയിലിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ആയുധം ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. രക്തം വാർന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക പരമ്പര. സയനൈഡ് ഉപയോഗിച്ച് 17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങളാണ് ഇവർ നടത്തിയത്. ആദ്യഭർത്താവ് റോയ്, റോയിയുടെ മാതാപിതാക്കളായ അന്നമ്മ, ടോം തോമസ്, അമ്മാവൻ മാത്യു, രണ്ടാംഭർത്താവിന്റെ ആദ്യ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്. ഇവരെയൊക്കെ കൊലപ്പെടുത്തിയ ജോളി ടോം തോമസിന്റെ സ്വത്ത് തട്ടിയെടുത്തത് റോയിയുടെ സഹോദരങ്ങൾ ചോദ്യംചെയ്യുകയും വ്യാജ ഒസ്യത്ത് വിവരം വെളിപ്പെടുകയും ചെയ്തതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്ത് വന്നത്. ജോളിയെ പൊലീസ് ചോദ്യംചെയ്തു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഇവർ ആത്മഹത്യയ്ക്ക് ശ്രമിക്കുമോയെന്ന സംശയം പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ട് അതീവസുരക്ഷ ഇവർക്ക് ഏർപ്പെടുത്തുകയും ചെയ്തു. കേസിൽ മുഴുവൻ കുറ്റപത്രങ്ങളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞു.
മുറിവിന്റെ സ്വഭാവം പ്രധാനം
ജോളി ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് തലത്തിൽ അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പൊലീസ് ചീഫ് എ.വി ജോർജ് കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. എ.സി സുദർശനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. ജയിലിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ, ജോളിക്ക് ആയുധങ്ങൾ ലഭിച്ചിരുന്നോ, ഉണ്ടെങ്കിൽ എവിടെനിന്ന് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാൽ ജോളിയുടെ കൈയിലെ മുറിവ് ഏത് തരത്തിലുണ്ടാക്കിയതാണെന്ന് അറിഞ്ഞാലേ അന്വേഷണം ആരംഭിക്കാനാകൂ. ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവാണിതെന്നാണ് ഡോക്ടർമാർ പ്രാഥമികമായി നല്കിയ വിവരം. ചില്ലോ ബ്ളേഡോ ഇവർ സെല്ലിൽ എത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇതിന് സഹതടവുകാരുടെയോ ജയിൽ ജീവനക്കാരുടെയോ സഹായം ലഭിച്ചിട്ടുണ്ടാകുമോയെന്നും കണ്ടെത്തണം. മെഡിക്കൽ കോളേജിലെ ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് പൊലീസ് ചീഫ് പറഞ്ഞു.
ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പുതപ്പിനുള്ളിൽ വച്ച്- ജയിൽ സൂപ്രണ്ട്
കോഴിക്കോട്: ജോളി ജയിൽ സെല്ലിൽ വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് പുതപ്പിനുള്ളിൽ വച്ചാണെന്ന് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. മറ്റ് തടവുകാരെ അപേക്ഷിച്ച് സെല്ലിലും ജയിലിലും കനത്ത സുരക്ഷയാണ് ജോളിക്ക് നൽകുന്നത്. പുലർച്ചെ നാല് മണിയോടെ പുതപ്പിനുള്ളിൽ വച്ച് കൈക്ക് മുറിവേൽപ്പിച്ച് ജീവനൊടുക്കാനാണ് ശ്രമിച്ചത്. മൂടിപുതച്ച് കിടന്നതുകൊണ്ട് ഇത് കണ്ടെത്താൻ ആദ്യം കഴിഞ്ഞില്ല. രക്തം കണ്ട് സഹതടവുകാരാണ് വിവരം അറിയിച്ചത്. സെല്ലിൽനിന്ന് കൈഞരമ്പ് മുറിക്കാൻ എന്തെങ്കിലും ആയുധങ്ങൾ ഉപയോഗിച്ചോ എന്ന് കണ്ടെത്താൻ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു.