കണ്ണൂർ: ഫോർമാലിൻ പോലുള്ള മാരകമായ വിഷം ചേർത്ത മത്സ്യം വിപണിയിൽ വ്യാപകമാകുമ്പോൾ നാടൻ വനാമി ചെമ്മീനുകൾക്ക് പ്രിയമേറുന്നു. ചൈനയിലെ കൊറോണ ഭീഷണി കയറ്റുമതി വിപണിയിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും പതുക്കെ വിപണി ഇപ്പോൾ ഉണർന്നു തുടങ്ങിയിരിക്കയാണ്.
ലക്ഷങ്ങൾ കൊയ്യാനാവുന്ന വനാമി ചെമ്മീൻ കൃഷിയിലേക്ക് സംരംഭകരുടെ പ്രവാഹമാണ് കണ്ണൂർ ജില്ലയിലെ പുഴയോര പ്രദേശങ്ങളിൽ കണ്ടുവരുന്നത്. പഴയങ്ങാടി, അണ്ടലൂർ, ധർമ്മടം, മേലൂർ, പിണറായി, എരഞ്ഞോളി തുടങ്ങിയ പ്രദേശങ്ങളിലാണ് വനാമി ചെമ്മീൻ കൃഷി വ്യാപകമായിട്ടുള്ളത്. .തായ്‌വാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വനാമി ഇനവുമായി മത്സരിക്കാമെന്ന നിലയിലെത്തിയ കേരളത്തിലെ ചെമ്മീൻ കർഷകർക്ക് ഇപ്പോൾ കൊയ്ത്തുകാലമാണ്. തായ്‌വാനിലും മറ്റും വനാമി ചെമ്മീന് രോഗബാധയുടെ ഭീഷണി ഉയർന്നതോടെ കേരളത്തിൽ നിന്നുള്ളവയ്ക്ക് ഡിമാൻഡ് ഏറുകയായിരുന്നു. 'കേരള പ്രോൺ" എന്ന ബ്രാൻഡിലാണ് വനാമിയുടെ വില്പന. നാലു മാസം മുതൽ ആറു മാസം വരെയാണ് ഇവയുടെ വളർച്ചാകാലം. ഓരു ജലാശയങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്.
ഒരു ഹെക്ടർ
ഏഴ് മുതൽ 10 ടൺ വരെ കൃഷി
വിദേശവിപണി- കിലോവിന് 1800 വരെ
ആഭ്യന്തരവിപണി- കിലോവിന് 480 വരെ.
വരവ് മെക്സിക്കോയിൽ നിന്ന് :
ശാന്തസമുദ്രത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന വനാമി കൊഞ്ചിന്റെ കേരളത്തിലേക്കുള്ള വരവ് മെക്സിക്കോയിൽ നിന്നാണ്. വെള്ളക്കാലൻ കൊഞ്ച് , വെള്ളക്കൊഞ്ച് എന്നൊക്കെ അറിയപ്പെടുന്ന വനാമിയുടെ ശാസ്ത്രീയനാമം 'ലിറ്റോപിനയസ് വനാമി" എന്നാണ്.
വിത്തുകൾ സുലഭം:
കോസ്റ്റൽ അക്വാ കൾച്ചർ അതോറിറ്റിയുടെ കീഴിയുള്ള ഹാച്ചറികളിലും സ്വകാര്യ ഹാച്ചറികളിലും വനാമി ചെമ്മീൻ വിത്തുകൾ സുലഭമാണ്. 50 പൈസ മുതൽ ഒരു രൂപ വരെയാണ് വിത്തിന്റെ വില. ചെറിയ മുതൽമുടക്കിൽ വൻതുക നേടാൻ കഴിയുമെന്നതാണ് വനാമി കൃഷിയുടെ ആകർഷണം.
ഭീഷണിയായി വൈറ്റ് സ്പോർട്ട് :
ലാഭം കിട്ടുന്നതു പോലെ തന്നെ വൈറ്റ് സ്പോട്ട് പോലുള്ള രോഗങ്ങളും വനാമി കൃഷിയ്ക്ക് ഭീഷണിയായുണ്ട്. രോഗം ബാധിച്ചവയെ പെട്ടെന്നു കണ്ടെത്താനാവും. അത്തരം ചെമ്മീൻകുഞ്ഞുങ്ങളെ മാറ്റിയാൽ പടരാനുള്ള സാദ്ധ്യത തടയാം.
''സർക്കാരിന്റെ ഭാഗത്തുനിന്നു പ്രോത്സാഹനമുണ്ടായാൽ വനാമി ചെമ്മീൻ കൃഷി കൂടുതൽ വ്യാപിപ്പിക്കാൻ കഴിയും. കടലിലെ ട്രോളിംഗ് നിരോധനം പോലെ കുടുക്കു വലകളുപയോഗിച്ചുള്ള മത്സ്യബന്ധനം പുഴകളിലും തടയണം.
കെ.. രമേശൻ
ഉൾനാടൻ മത്സ്യത്തൊഴിലാളി
എരഞ്ഞോളി