കണ്ണൂ‌ർ:പുൽച്ചെടികളുടെ തോഴന് ഇനി സ്വന്തം പേരിലൊരു പുതിയ പുൽച്ചെടി.രാജസ്ഥാൻ ബുണ്ടി ഫോറസ്റ്റ് ഡിവിഷനിൽ ആദ്യമായി കണ്ടെത്തിയ ഒരിനം പുൽച്ചെടിക്ക് കാസർകോട് പിലിക്കോട് സ്വദേശി ഡോ.സി.കുഞ്ഞിക്കണ്ണന്റെ പേര് നൽകി ആദരിച്ചത്.

നാഗ്പൂരിലുളള ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെയും സെൻട്രൽ സർക്കിൾ ഓഫീസിലെയും ഹൈദരബാദിലെ ബൊട്ടാണിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെയും ഡക്കാൻ സർക്കിളിലെ ഗവേഷകരും ചേർന്നാണ് ഫൈറോടാക്സ് എന്ന ജർണലിൽ കുഞ്ഞിക്കണ്ണന്റെ പേര് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗവേഷകനായ ഡോ.ചന്ദ്രമോഹൻ കണ്ടെത്തിയ പ്രത്യേകയിനം പുൽച്ചെടി ഇനി ഇസെലിമ കുഞ്ഞികണ്ണൈ എന്ന് അറിയപ്പെടും.മുപ്പത് വർഷത്തെ വന ഗവേഷണ രംഗത്തെയും, ജൈവവൈവിധ്യ പഠനത്തിനും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുൽച്ചെടിക്ക് കുഞ്ഞിക്കണ്ണന്റെ പേര് നിർദേശിച്ചത്.

പിലിക്കോട്ട് കരക്കേരുവിലെ പുതിയ വളപ്പിൽ അമ്പാടിയുടെയും ചെറവങ്ങാട് പാർവ്വതിയുടെയും മകനാണ് കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ്,ജനറ്റിക്സ് ആന്റ് ട്രീ ബ്രീഡിഗിലെ ഗവേഷകനായ കു‌ഞ്ഞിക്കണ്ണൻ.അച്ഛന് കൃഷിപ്പണിയായതിനാൽ ചെറുപ്പം മുതലേ ചെടികളെയും മറ്റ് സസ്യങ്ങളെയും ശ്രദ്ധിക്കാറുണ്ടായിരുന്നെന്നും വീടിനടുത്തുള്ള സി.ആർ.പി വായനശാലയിൽ പോയി ഔഷധസ്യങ്ങളെ കുറിച്ചെല്ലാം വായിക്കുകയും അവയുടെ ഫോട്ടോ നോക്കി മനസ്സിലാക്കുകയും ചെയ്തിരുന്നെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.

സൈലന്റ് വാലിയിൽ നിന്ന് തുടക്കം

സസ്യ വർഗ്ഗീകരണ തത്വങ്ങൾ എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന പലരുടെയും അനുഭവങ്ങളും കുഞ്ഞിക്കണ്ണന് പ്രചോദനം നൽകി.പിലിക്കോട് യു.പി സ്ക്കൂൾ,കരിവെള്ളൂർ എച്ച്.എസ്,പയ്യന്നൂർ കോളെജ് (ബി.എസ്.സി ബോട്ടണി),തളിപ്പറമ്പ് സർ സയ്യിദ് കോളെജിൽ (എം.എസ്.സി ബോട്ടണി) പഠനങ്ങൾ പൂ‌ർത്തിയാക്കി.ഗവേഷണ രംഗത്ത് തുടക്കം കുറിക്കുന്നത് സൈലന്റ് വാലിയിൽ നിന്നാണ്.മധ്യപ്രദേശ്,ഒഡിഷ,ഛത്തീസ്ഗഡ്,ആന്ധ്ര,കർണ്ണാടക എന്നിവിടങ്ങളിലെ ജൈവവൈവിധ്യ പഠന സംഘത്തിൽ സുപ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്.ഇനി അഞ്ച് വർഷത്തെ സർക്കാർ സേവനമാണ് ബാക്കി.ഭാര്യ കെ.സുധ,മക്കൾ അമൃത് ,അഭയ്

ബൈറ്റ്

കിട്ടാവുന്നതിൽ വച്ച് ഏറ്റവും മഹത്തായ അംഗീകാരമാണിത്.. മുപ്പത് വർഷത്തെ പ്രവർത്തനങ്ങൾക്ക് കിട്ടിയ വലിയ അംഗീകാരമായി ഇതിനെ കാണുന്നു​​-കെ.കുഞ്ഞിക്കണ്ണൻ, ഗവേഷകൻ ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ്,ജനറ്റിക്സ് ആന്റ് ട്രീ ബ്രീഡിഗ്, കോയമ്പത്തൂർ