ചെറുവത്തൂർ: കനത്ത ചൂടും തമിഴ് നാട് ,കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബോട്ടുകളുടെ രാത്രിയിലെ സംഘം ചേർന്നുള്ള അശാസ്ത്രീയമായ മീൻപിടിത്തവും മൂലം ഉണ്ടാകുന്ന മത്സ്യലഭ്യത കുറവ് മത്സ്യതൊഴിലാളി കുടുംബങ്ങളെ ദുരിതക്കയത്തിലേക്ക് നയിക്കുന്നു. . ദിവസവും നഷ്ടം സഹിക്കാൻ കഴിയാതെ ജില്ലയിലെ പ്രധാനമത്സ്യ ബന്ധന തുറമുഖമായ മടക്കരയിലെ ഭൂരിപക്ഷം മത്സ്യ ബന്ധന ബോട്ടുകളും കടലിൽ പോകാതെ തുറമുഖ പരിസരത്ത് നങ്കൂരമിട്ടിരിക്കയാണ്.ബോട്ടിന്റെ ഇന്ധന ചെലവിനുള്ള മീൻ പോലും കിട്ടാതായതാണ് ബോട്ടുകൾ കരയിൽ കയറ്റിയിടാൻ ബോട്ടുടമകൾ നിർബ്ബന്ധിതരായിരിക്കുന്നത്. ഇതോടെ തൊഴിലാളികൾക്കും അനുബന്ധ തൊഴിൽ മേഖലയിലുള്ളവർക്കും തൊഴിൽ നഷ്ടമായി. അത്യുഷ്ണവും മീൻ കുറയാൻ കാരണമായെന്നും ഇത്തരം അവസ്ഥ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും പരമ്പരാഗത തൊഴിലാളികൾ പറയുന്നു.

ജില്ലയിലാകെ 192 ബോട്ടുകൾ,2142യന്തവത്കൃത യാനങ്ങൾ, 120 ചെറുയാനങ്ങൾ എന്നിങ്ങനെയാണ് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും മടക്കര കേന്ദ്രീകരിച്ചാണ് മീൻപിടിത്തം നടത്തുന്നത്.ഇതിൽ പത്തോളം ബോട്ടുകൾ മാത്രമാണ് ഇപ്പോൾ കടലിൽ പോകുന്നത്. പലരും വെറും കൈയോടെയാണ് തിരിച്ചു വരുന്നത്. രാത്രിയിൽ പിടിക്കുന്ന മത്സ്യം മംഗലാപുരം ഉൾപ്പെടെ കേരളത്തിന് പുറത്തേയ്‌ക്കാണ് കൊണ്ടു പോകുന്നത്.

ഒരു തവണ കടലിൽ പോയി വരാൻ 70 ലിറ്ററോളം ഡീസൽ ചെലവ് വരും. ഒരു ലിറ്റർ ഡീസലിന് വില 68.70 രൂപ.ഒരു ബോട്ടിൽ അഞ്ചു തൊഴിലാളികൾ .മീൻ കിട്ടിയാലും ഇല്ലെങ്കിലും ഒരു തൊഴിലാഴിക്ക് 250 രൂപ ദിന ബത്തയും 250 രൂപ ഭക്ഷണ ചെലവും നൽകണം. കിട്ടിയമീനിന്റെ 30 ശതമാനവും കൂലിയിനത്തിൽ തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്.