തലശ്ശേരി: വാൾതലപ്പുകളുടെ മൂളിച്ചയും ഉറുമികളുടെ ശീൽക്കാരവും കാണികളുടെ ആരവങ്ങളും കൊണ്ട് മുഖരിതമാകുന്ന പൊന്ന്യത്തങ്കത്തട്ടിൽ ഇന്നലെ തങ്ങി നിന്നത് ഇശലുകളുടെ ഈരടികൾ
ഫോക് ലോർ അക്കാഡമിയുടെ മുൻ വൈസ് ചെയർമാനും ഇശലുകളുടെ രാജകുമാരനുമായിരുന്ന എരഞ്ഞോളി മൂസ്സയുടെ ദീപ്തസ്മരണ അക്കാഡമി ചെയർമാൻ സി.ജെ.കുട്ടപ്പന്റെ വാക്കുകളിലും ബക്കർ തോട്ടുമ്മൽ ആൻഡ് പാർടി അവതരിപ്പിച്ച മൂസ ക്കയുടെ പ്രിയതരങ്ങളായമാപ്പിളപ്പാട്ടുകളിലും നിറഞ്ഞുനിന്നു.
പോയ വർഷങ്ങളിൽ തന്റെ ഗന്ധവ്വ നാദം കൊണ്ട് ഏഴരക്കണ്ടത്തെ സംഗീത സാന്ദ്രമാക്കിയ മുസക്കയുടെ ഓർമ്മകളിലാണ് ഇന്നലെ പരിപാടികൾ ആരംഭിച്ചത്. അഡ്വ.എ.എൻ.ഷംസീർ എം എൽ .എ.ഉദ്ഘാടനം ചെയ്തു.കീച്ചേരി രാഘവൻ, പി.വി.ലവ് ലിൻ എന്നിവർ മുസ്സക്കയുടെ സർഗ്ഗ കീവിതത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു. എ. വാസു സ്വാഗതവും, കെ.കെ.ഷൈജു നന്ദിയും പറഞ്ഞു.
തുടർന്ന് കടത്തനാട് കെ.പി.ചന്ദ്രൻ ഗുരിക്കൾ സ്മാരക കളരി സംഘവും, ഏച്ചൂർ വിശ്വഭാരത് കളരിയും കളരി അഭ്യാസമുറകൾ പ്രദർശിപ്പിച്ചു.പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ജിതേഷ് സുന്ദർ അവതരിപ്പിച്ച ഗസൽ നിശയുമുണ്ടായി.
ഇന്ന് പൊന്ന്യത്തങ്കത്തിന് സമാപനം കുറിക്കും. സമാപന സമ്മേളനം എ.എൻ.ഷംസീർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്യും തുടർന്ന് കോട്ടുളി ഭാർഗ്ഗവ കളരിയും, കോഴിക്കോട് സ്വതന്ത്ര കളരിയും കളരിപ്പയറ്റ് നടത്തും.മംഗലം കളി, എരുത് കളി, സീത ക്കളി എന്നിവയും നാടൻ പാട്ടും അരങ്ങേറും.