രാജപുരം: ഭാര്യയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക്‌ ഹാജരാകാതെ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പനത്തടി നെല്ലിക്കോട് സ്വദേശി പ്രഭാകരനെ (35) ആണ് രാജപുരം സി.ഐ. ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

2015 ൽ ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. കർണാടക സുള്ള്യയിൽ കുണ്ടർപടി എന്ന സ്ഥലത്തെ തോട്ടത്തിൽ രഹസ്യമായി ജോലി ചെയ്തുകൊണ്ടിരുന്ന പ്രഭാകരനെ സി ഐയും സംഘവും അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, ഹരീഷ്, സുന്ദരൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.