കാഞ്ഞങ്ങാട്: നാട്ടിൻപുറങ്ങളിൽ നിന്നും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പൂക്കൈത എന്ന കൈതക്കാട് വെട്ടി നശിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂർ പഞ്ചായത്തിന്റെയും അതിർത്തിയിലുള്ള വെള്ളായി പാലത്തിന് സമീപമുള്ള തോട്ടിലാണ് കൈതക്കാട് വെട്ടിനശിപ്പിച്ച നിലയിൽ കണ്ടത്. തണ്ണീർ തടങ്ങളിൽ വസിക്കുന്ന കുളക്കോഴികളുടെ പ്രധാന ആവാസ കേന്ദ്രം കൂടിയാണ് കൈതകൾ.
നല്ല വെള്ളമുള്ള സ്ഥലങ്ങളിലും തോടുകളുടെ വശങ്ങളിലും തഴച്ചു വളരുന്ന ചെടിയാണ് കൈത. പൂക്കൈത എന്നും തഴ എന്നും ഇത് അറിയപ്പെടുന്നു. സുഗന്ധമുള്ള കൈതപ്പൂവിന്റെ ഓർമ്മ പഴയ കാലത്തെ വീട്ടമ്മമാരുടെ ഗൃഹാതുരമായ അനുഭവം കൂടിയാണ്. പഴയ കാലത്ത് ഈ ചെടി പായ മെടയാനും ഉപയോഗിക്കാറുണ്ടായിരുന്നു. 12 വർഷത്തിലൊരിക്കലാണ് കൈത പൂക്കാറ്. മണ്ണൊലിപ്പ് തടയാനും, ശുദ്ധജല സംരക്ഷണത്തിനും നാടൻ മത്സ്യങ്ങളുടെ പ്രജനനത്തിനും കൈതകൾ സഹായിക്കുന്നുണ്ട്.
വെള്ളായി പാലത്തിനു സമീപം തോട്ടിൽ കൈതക്കാടുകൾ വെട്ടി നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തും. തന്റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടത് വളരെ വൈകിയാണ്. പരിസ്ഥിതിക്കും ജലലഭ്യതയ്ക്കും സഹായകരമാകുന്ന ഒരു ചെടിയും വെട്ടി നശിപ്പിക്കുന്നതിനോട് യോജിപ്പില്ല.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗംഗാരാധാകൃഷ്ണൻ