തൃക്കരിപ്പൂർ: സ്‌കൂൾ അധ്യാപകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. വീടിന്റെ മുൻഭാഗം തകർന്നു. തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്‌കൂളിലെ അധ്യാപകൻ തടിയൻകൊവ്വലിലെ പി. ദേവസിയുടെ വീട്ടിൽ ഇന്നുപുലർച്ചെ 1.15 ഓടെയാണ് സംഭവം. വീട്ടിനു മുന്നിൽ നിന്നും സ്ഫോടനശബ്ദവും തീയും കണ്ട് വീട്ടുകാർ പുറത്തേക്കിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നതു കണ്ടത്. ഹോസുപയോഗിച്ച് വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. വീടിന്റെ മുന്നിലെ ഹാളിന്റെ ജനൽ കത്തുകയും ചുവർ പൊട്ടിത്തെറിക്കുകയും ചെയ്ത നിലയിലാണ്. ചന്തേര പൊലീസ് ഇൻസ്പെക്ടർ കെ.പി. സുരേഷ്ബാബു, എസ്.ഐ മെൽബിൻ ജോസ് എന്നിവർ സംഭവ സ്ഥലത്തെത്തി.