ചെറുവത്തൂർ: അച്ചാംതുരുത്തി ആറിൽ കടവ് പാലത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി പൂർത്തീകരിച്ച നീലേശ്വരം കോട്ടപ്പുറം ചെറുവത്തൂർ റോഡിന്റ ഉദ്ഘാടനവും മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷനായി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി എട്ടുകോടി ചിലവിലാണ് നീലേശ്വരം കോട്ടപ്പുറം ചെറുവത്തൂർ റോഡ് നിർമിച്ചിരിക്കുന്നത്. കോട്ടപ്പുറം പാലം മുതൽ ചെറുവത്തൂർ കുഴിഞ്ഞടിവരെ 5.5 മീറ്റർ വീതിയുലും മടക്കര ടൗണിൽ 14 മീറ്റർ വീതിയിലുമാണ് മെക്കാഡാം ടാർ റോഡും അനുബന്ധ ഡ്രൈനേജ് സംവിധാനവുമൊരുക്കിയത്.

സംസ്ഥാന സർക്കാർ സി.ആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറിൽ കടവ് പാലത്തിന് 12 കോടി രൂപ അനുവദിച്ചത്. 7.5 മീറ്റർ വീതിയിൽ 67 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. കൂടാതെ രണ്ട് കിലോമീറ്റർ അപ്രോച്ച് റോഡും ഒരുക്കും. ജി ഉണ്ണികൃഷ്ണൻ നായർ, ഇ.ജി വിശ്വപ്രകാശ് എന്നിവർ റിപോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ല പഞ്ചായത്തംഗം പി.സി സുബൈദ, വി.പി സുനിത, പി. വത്സല, കെ.പി ശ്രീജ, കെ.വി സുധാകരൻ, പി. വിജയകുമാർ, സുരേഷ് പുതിയിടത്ത്, സി. ബാലൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ. കുഞ്ഞിരാമൻ നായർ, ടി.വി ഉമേശൻ, മൊയ്തീൻകുഞ്ഞി കളനാട്, മുനമ്പത്ത് ഗോവിന്ദൻ എന്നിവർ സംസാരിച്ചു. എം. അശോക് കുമാർ സ്വാഗതവും ബെന്നി ജോൺ നന്ദിയും പറഞ്ഞു.