പയ്യന്നൂർ: മികച്ച സർക്കാർ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കായകൽപ് പുരസ്കാരം പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിക്ക്.15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തി , സംസ്ഥാനത്തെ പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് പുരസ്കാരം നൽകുന്നത്.

സംസ്ഥാനത്ത് താലൂക്ക് തലത്തിൽ 97.3 ശതമാനം മികവോടെയാണ് പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിക്ക് പുരസ്കാരം ലഭിച്ചിട്ടുള്ളത്.

ജില്ലാ ആശുപത്രി കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവുമധികം ആളുകൾ ചികിത്സ തേടുന്ന താലൂക്ക് ആശുപത്രികളിലൊന്നാണ് പയ്യന്നൂർ ആശുപത്രി.കഴിഞ്ഞ വർഷത്തെ മികച്ച രണ്ടാമത്തെ താലൂക്ക് ആശുപത്രിക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ആശുപത്രിയെ തേടി എത്തിയിട്ടുണ്ട്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 56.31 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടന്നുവരികയാണ്. ഏഴു നിലകളുള്ള കെട്ടിടമാണ് പുതുതായി നിർമ്മിക്കുന്നത്.