തളിപ്പറമ്പ്: ഡോക്ടർമാർ പോലും ചെരിപ്പഴിച്ച് അകത്ത് കയറി ശീലിച്ച മാങ്ങാട്ടുപറമ്പിലെ ഇ.കെ നായനാർ സ്മാരക അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി പുരസ്കാര നിറവിൽ. സംസ്ഥാനത്തെ അഞ്ച് മികച്ച ആശുപത്രികളെ തിരഞ്ഞെടുത്ത കമന്റേഷൻ അവാർഡിലാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഈച്ച പോലും അടുക്കാത്ത വൃത്തിയും വെടിപ്പുമാണ് ഇവിടത്തെ പ്രത്യേകത.

മാലിന്യം കേന്ദ്രീകൃത കുഴൽ സംവിധാനത്തിലൂടെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കുന്നു. അണുബാധ നിയന്ത്രണം, ശുചിത്വം എന്നിവയുടെ കാര്യത്തിൽ കാന്റിനടക്കം ഉൾപ്പെടും. അടുത്തിടെ ജെയിംസ് മാത്യു എം.എൽ.എയും നഗരസഭയും ആശുപത്രി അധികൃതരും ചേർന്ന് ജനകീയ സഹകരണത്തോടെ ആശുപത്രിയുടെ ആറ് ഏക്കർ സ്ഥലം വൃത്തിയാക്കിയിരുന്നു. തുടർന്ന് പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുക്കി. മതിൽക്കെട്ടുകളിൽ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പടങ്ങിയ ചിത്രങ്ങൾ വരച്ചു. ഇവയെല്ലാം കൃത്യമായി പരിപാലിക്കുകയും ചെയ്തതോടെ മാലിന്യങ്ങൾ വലിച്ചെറിയാൻ ഇടമില്ലാതായി.

ചൂട്‌വെള്ളവും പ്യൂരിഫൈഡ് വെള്ളവുമടക്കം കുടിവെള്ളവും ആശുപത്രിയിൽ നൽകുന്നു. നവജാത ശിശുക്കൾക്കും ഗർഭിണികൾക്കും പ്രസവിച്ചവർക്കും അണുബാധയേൽക്കാൻ സാദ്ധ്യതയുള്ളതാണ് അണുമുക്തി ഉറപ്പാക്കാൻ കാരണം. ഗർഭസ്ഥ ശിശുക്കളുടെ വൈകല്യം നേരത്തെ കണ്ടെത്താൻ ഡി.ഇ.ഐ.സി സംവിധാനം, വന്ധ്യതാ നിവാരണ ചികിത്സാ കേന്ദ്രം, നൂതന സജ്ജീകരണങ്ങളുള്ള പ്രസവമുറി എന്നിവയടക്കം സത്രീകൾക്കും കുഞ്ഞുങ്ങൾക്കും അത്യാധുനിക ചികിത്സ സൗകര്യമുള്ള ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രിയാണിത്.