കണ്ണൂർ: കാഴ്ച പരിമിതിയുള്ളവരെ കൈയിലെ ഊന്നുവടി കൊണ്ട് തിരിച്ചറിയുന്ന കാലം കഴിഞ്ഞിരിക്കുന്നു... ഇനി ഇവർക്ക് കൺമുന്നിലുള്ളതൊന്നും തടസ്സമല്ല...പരസഹായമില്ലാതെ എവിടെയും സഞ്ചരിക്കാം... ഇവർക്ക് കൂട്ടായി എത്തുന്നത് പ്രത്യേകം സജ്ജമാക്കിയ സ്മാർട്ട് ഫോണുകൾ. 3 ജി, 4 ജി സൗകര്യമുള്ള ആൻഡ്രോയിഡ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത സ്ഥലങ്ങൾ തിരിച്ചറിയുന്നതിനായുള്ള സംസാരിക്കുന്ന റൂട്ട് മാപ്പാണ്. ഇതിലൂടെ പരാശ്രയമില്ലാതെ തങ്ങൾ നിൽക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശ കണ്ടെത്താനും സാധിക്കും.
കാഴ്ചയുള്ള ഒരാൾ ഫോൺ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയുടെയും ചെവിയുടെയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാൻ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകൾ ഈ ഫോണുകളിലുണ്ട്. കാഴ്ച പരിമിതിയുള്ളവരെ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ (കെ.എസ്.എച്ച്.പി.ഡബ്ലു.സി) നടപ്പാക്കുന്ന കാഴ്ച പദ്ധതിയിലൂടെ 18 വയസ്സിന് മുകളിലുള്ളവർക്കാണ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത്. കാഴ്ച ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടവരെയും വൈകല്യങ്ങൾ നേരിടുന്നവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് കാഴ്ച പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനതലത്തിൽ പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പരിശീലനവും വിതരണത്തിനോടനുബന്ധിച്ച് നടന്നു.
കാഴ്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജയിംസ് മാത്യു എം.എൽ.എ നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായവർ സവിശേഷമായ കഴിവുള്ളവരാണെന്നും അവർക്ക് വേണ്ട പ്രോത്സാഹനം നൽകിയാവണം സമൂഹം അവരെ സുരക്ഷിതരാക്കേണ്ടതെന്നും എം. എൽ.എ പറഞ്ഞു.
പണം തിരിച്ചറിയാൻ മണിറീഡർ
മണി റീഡർ സംവിധാനത്തോടെ പണം തിരിച്ചറിയാനും കഴിയും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇസ്പീക്ക് സംവിധാനം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെ അതിന് പ്രാപ്തരാക്കുന്ന ആപ്പ്, പത്രവായന, പുസ്തക വായന, വാർത്തകൾ, വിനോദങ്ങൾ തുടങ്ങിയവക്കുള്ള സോഫ്റ്റ് വെയറുകൾ എല്ലാം തന്നെ ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഓൺലൈൻ പർചേസ്, ബില്ലടയ്ക്കൽ, ബാങ്കിംഗ് ഇടപാടുകൾ എന്നീ സൗകര്യങ്ങളും ഫോണിൽ ലഭ്യമാണ്.
കേൾവിയില്ലാത്തവർക്ക് ശ്രവണസഹായിയും
ശ്രാവൺ പദ്ധതിയുടെ ഭാഗമായി ശ്രവണ വൈകല്യമുള്ളവർക്ക് ശ്രവണ സഹായിയും 12 വയസ്സുവരെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരിൽ 18 വയസ്സുവരെ കാലയളവിലേക്ക് നിക്ഷേപിക്കുന്ന ഹസ്തദാനം പദ്ധതി സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇരുപതിനായിരം രൂപ വീതമാണ് ജില്ലയിലെ അമ്പതോളം കുട്ടികൾക്കായി നൽകിയത്. പ്രത്യേക സാഹചര്യത്തിൽ ഈ തുക ആവശ്യമെങ്കിൽ കോർപ്പറേഷന്റെ അനുതിയോടെ ഉപയോഗിക്കാവുന്നതാണ്. ചലന പരിമിതിയുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമായി സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിയിൽ മുച്ചക്ര വാഹനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അധ്യക്ഷത വഹിച്ചു..