കാഞ്ഞങ്ങാട്: സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം സംസ്ഥാനത്ത് രണ്ട് ലക്ഷത്തിൽപരം വീടുകളുടെ നിർമ്മാണം പൂർത്തിയാവുകയും ഗുണഭോക്താക്കൾ അതിൽ താമസം തുടങ്ങുന്നതിന്റെയും പ്രഖ്യാപനം ഇന്നലെ വൈകിട്ട് 4 മണിയോടെ നടന്നപ്പോൾ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഇതേ സമയം പ്രഖ്യാപനം നടന്നു.
കാഞ്ഞങ്ങാട് നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയിൽ 757 വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. ഇത്രയും വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു. നഗരസഭ പരിസരത്തു നടന്ന പ്രഖ്യാപന യോഗം ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗംഗാരാധാകൃഷ്ണൻ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി പ്രസംഗിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.വീട് ലഭിച്ച ഗുണഭോക്താക്കൾക്ക് പുറമെ കുടുംബശ്രീ ,ആശ പ്രവർത്തകരും കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു. അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു.