കൈകാര്യം ചെയ്യുന്നത് ലക്ഷങ്ങൾ
ജീവനക്കാർ കഴിയുന്നത് ഭയത്തോടെ
നിത്യവരുമാനം 13,00,000
വേണ്ടത്
സർജന്റ് 1
ഗാർഡുമാർ 8
കാസർകോട്: ജില്ലയിലുടനീളം നൂറിൽപരം സർവ്വീസുകൾ നടത്തി ദിവസേന പതിമൂന്നു ലക്ഷത്തിലധികം രൂപ വരുമാനം കൊണ്ടുവരുന്ന ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സെക്യൂരിറ്റിയില്ലാത്തതനാൽ വനിതകളുൾപ്പെടുന്ന ജീവനക്കാർ കഴിയുന്നത് ഭയത്തോടെ.
സ്ഥാപനത്തിനകത്ത് ഒരു സർജന്റും എട്ടോളം ഗാർഡുമാരുമാണ് വേണ്ടത്. രണ്ട് സ്ഥിരം ഗാർഡിൽ ഒരാൾ മെഡിക്കൽ അവധിയിലാണ്. രാത്രി കാലങ്ങളിൽ സാമൂഹ്യവിരുദ്ധർ വിഹരിക്കുന്ന ഡിപ്പോയിൽ ഒരു പൊലീസ് എയ്ഡ്‌പോസ്റ്റ് പോലും നിലവിലില്ല. ഡ്യൂട്ടി അവസാനിച്ച് പണമടക്കാനും തിരിച്ചുതാമസസ്ഥലത്തേക്ക് പോകാനും ഭയപ്പാടോടെയാണ് വനിതാ ജീവനക്കാർ ഡിപ്പോയിൽ കഴിഞ്ഞു കൂടുന്നത്.
രാത്രികാലഘട്ടങ്ങളിൽ സർവ്വീസ് ഓപ്പറേഷനുകൾ നടത്തുന്ന കൺട്രോളിംഗ് ഇൻസ്‌പെക്ടറുടെ ചുമതലയിലാണ് രാത്രികാലങ്ങളിലെ ഗാർഡ് ഡ്യൂട്ടി. സർജന്റിന്റെയും ഗാർഡിന്റെയും ഒഴിവുകളുണ്ടായിട്ടും ജില്ലയിലെ ആൾക്കാർ വിദൂര ജില്ലയിൽ ജോലിചെയ്തുവരികയാണ്. ഇവർ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയെങ്കിലും അധികൃതർ പരിഗണിക്കാതിരിക്കുകയാണ്.
സ്റ്റേ മുറികളിൽ വെള്ളവും
വെളിച്ചവുമില്ല
രാത്രികാലങ്ങളിൽ കർണാടക കേരള ആർ.ടി.സിയിലെ ജീവനക്കാരുടെ സ്റ്റേ മുറികളിൽ താമസിക്കുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളവും വെളിച്ചവും പോലും ലഭ്യമല്ല. വെള്ളമില്ലാത്തതിനാൽ സ്ത്രീജീവനക്കാർ താമസിക്കുന്ന സ്ഥലത്തുനിന്ന് ഗ്യാരേജിനു പുറകിലുള്ള മെക്കാനിക്കൽ വിഭാഗത്തിന്റെ യാതൊരുവിധ സുരക്ഷിതത്വവുമില്ലാത്ത ശൗചാലയത്തെയാണ് ആശ്രയിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവത്തിൽ ഇക്കാര്യത്തിൽ സ്ത്രീ ജീവനക്കാർ വളരെയധികം ബുദ്ധിമുട്ടനുഭവിച്ചുവരികയാണ്.
ഒഴിവുകൾ നികത്തണം
ഡിപ്പോയ്ക്കകത്ത് മുഴുവൻ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്നും പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളവും വെളിച്ചവും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ടി വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.എൻ. കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബിജു ജോൺ, വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി വി.ഗോപാലകൃഷ്ണ കുറുപ്പ്, സെക്രട്ടറി എം.എ. ജലീൽ, ഗംഗാധരൻ നായർ, നരേന്ദ്രൻ, പി.പി.സുധീർ, പി.ടി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.