കോഴിക്കോട്: ജയിൽ ചപ്പാത്തി സൂപ്പർ ഹിറ്റായി മാറിയതിനു പിറകെ ജയിൽ കഫെയും വരുന്നു. മിനി ബൈപാസ് റോഡിൽ കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ എതിർവശത്തായുള്ള ജയിലിന്റെ സ്ഥലത്താണ് കഫെ തുറക്കുക. കോഴിക്കോട് ജില്ലാ ജയിൽ അധികൃതരുടെ ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. ഇനി നടപടിക്രമങ്ങൾ പൂർത്തിയാകാനേയുള്ളൂ. കോഴിക്കോടൻ മാതൃക വിജയിച്ചാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇന്ത്യൻ കോഫി ഹൗസ് മാതൃകയിൽ മികച്ച ഭക്ഷണശാലയാക്കി ജയിൽ കഫെയെ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ജയിൽ അധികൃതർ.

സംസ്ഥാനത്ത് ആദ്യമായാണ് ജയിൽ വകുപ്പിന്റേതായി പൊതു ഭക്ഷണശാല ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് മായം കലരാത്ത ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം അന്തേവാസികൾക്ക് തൊഴിൽ പരിശീലനവും ഉറപ്പാക്കും. ജയിൽ വളപ്പിൽ വിളയിക്കുന്ന പച്ചക്കറികളാവും മുഖ്യമായും ഉപയോഗിക്കുക. തികയാത്തതു മാത്രമേ പുറത്തുനിന്ന് വാങ്ങൂ. മുട്ടയും ചിക്കൻ വിഭവങ്ങളും ഉണ്ടാവും. ജയിലിൽ കോഴി വളർത്തൽ ആരംഭിക്കാനും പദ്ധതിയുണ്ട്.

മത്സ്യത്തിന്റെ വില മാറിക്കൊണ്ടിരിക്കുന്നതിനാൽ മത്സ്യവിഭവങ്ങൾ തത്കാലം ഉണ്ടാവില്ല. അത്യാവശ്യമെന്ന് കണ്ടാൽ പിന്നീട് ഉൾപ്പെടുത്തും.

ജയിൽ ചപ്പാത്തിയുടെ വൻവിജയമാണ് കഫെയിലേക്ക് നീങ്ങാനുള്ള പ്രേരണ. പാചകവും പാത്രം കഴുകലും ജയിൽ അന്തേവാസികളെക്കൊണ്ടു ചെയ്യിക്കും. കാഷ്യർ, വെയ്‌റ്റർമാർ, ക്ളീനിംഗ് ജോലിക്കാർ എന്നിവരൊക്കെ പുറത്തുനിന്നുള്ളവരായിരിക്കും. നല്ലനടപ്പിലുള്ള അന്തേവാസികളെയും പരിഗണിക്കും. കോംട്രസ്റ്റ് കണ്ണാശുപത്രി ജംഗ്‌ഷൻ തിരക്കുള്ള മേഖലയായി മാറിയെങ്കിലും നല്ല ഹോട്ടലുകളൊന്നും അടുത്തില്ല. പാളയം പച്ചക്കറി മാർക്കറ്റ് ഈ ഭാഗത്തേക്ക് മാറ്റുന്നതും സ്ഥലപരിഗണനയ്ക്ക് കാരണമായി.