ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ വിളനാശം
രാത്രി വീട്ടിൽനിന്ന് ഇറങ്ങാൻ ആളുകൾക്ക് പേടി
ചിലയിടങ്ങളിൽ പകൽനേരങ്ങളിലും പന്നിശല്യം
ബാലുശ്ശേരി: ഇവിടങ്ങളിലെ കർഷകർ കാട്ടുപന്നികളെ ശപിക്കാത്ത ദിവസങ്ങളില്ല. നാൾ ചെല്ലുന്തോറും പന്നിക്കൂട്ടത്തിന്റെ അതിക്രമം ഏറിവരുന്നേയുള്ളൂ. കൃഷിയിടങ്ങളിലെ ചുറ്റുവേലിയൊന്നും ഇവയ്ക്ക് പ്രശ്നമേയല്ല. എല്ലാം തകർത്ത് വിളവൊക്കെയും നശിപ്പിച്ചായിരിക്കും പുലർച്ചെ മടക്കം.
തേനാക്കുഴി, കരുമല ഭാഗങ്ങളിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നാനാവിധമായത്. ലക്ഷങ്ങളുടെ നഷ്ടമാണ് പലർക്കും. ഇടവിളയായി കൃഷി ചെയ്യുന്നവർക്ക് മാത്രമല്ല, കേരകർഷകർക്കും പന്നുക്കൂട്ടത്തിന്റെ ശല്യം ഒഴിയാബാധയായി മാറിയിരിക്കുകയാണ്.
ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് ഏറെയും. വിളവത്രയും നശിച്ചതിന്റെ നഷ്ടം മാത്രമല്ല പ്രശ്നം. തിരിച്ചടവിന് ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയും.
നേരത്തെ കിനാലൂർ, മങ്കയം, കൂരാച്ചുണ്ട്, കക്കയം, തലയാട് ഭാഗങ്ങളിലായിരുന്നു പന്നിശല്യം കൂടുതലും. പല കർഷകരും മലമുകളിലെ കൃഷി പലരും അവസാനിപ്പിച്ചതോടെ പന്നിക്കൂട്ടം നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം തേനാക്കുഴി മുച്ചിലോട്ട് രവീന്ദ്രന്റെ പത്ത് സെൻറിലേറെ വരുന്ന വയലിലെ കൊയ്തെടുക്കാറായ നെൽകതിരുകൾ പന്നിക്കൂട്ടം പൂർണമായും നശിപ്പിക്കുകയായിരുന്നു. തെങ്ങിൻ തൈകളും കുത്തിമെതിച്ചു. ആഴ്ചകൾക്ക് മുമ്പ് മുച്ചിലോട്ട് സോമന്റെ വീട്ടിലെ കപ്പത്തോട്ടം തീർത്തും നശിപ്പിച്ചിരുന്നു. ഇവിടെ കൃഷിയിടത്തിനു ചുറ്റുവേലി നിർമ്മിച്ചെങ്കിലും അതെല്ലാം പൊളിച്ചാണ് കൃഷി യത്രയും നശിപ്പിച്ചത്.
വി.കെ.ഭാസ്‌കരന്റെ തറവാട്ടുപറമ്പിലെ മുപ്പതോളം തെങ്ങിൻ തൈകൾ കുത്തിമലർത്തിയത് ഒറ്റ രാത്രിയാണ്. പൂക്കാട്ട് ലക്ഷ്മിയുടെ ചേനക്കൃഷി, പുഷ്പയുടെ പറമ്പിലെ തെങ്ങിൻതൈകൾ, കാർത്ത്യായനിയുടെ വാഴകൃഷി, തെങ്ങിൻ തൈകൾ, മുച്ചിലോട്ട് രാജഗോപാലൻ, പൂക്കാട് രാജേന്ദ്രൻ, കിഴക്കയിൽ രമേശൻ, കുന്നുമ്മൽ കേശവൻ, കണ്ണോറക്കണ്ടി സതീശൻ, പി.ജയചന്ദ്രന്റെ വാഴക്കൃഷി, എന്നിവരുടെ വാഴക്കൃഷി, മുച്ചിലോട്ട് ഗോപാലന്റെ തെങ്ങിൻ തൈകൾ, കമുകിൻ തൈകൾ, വാഴക്കൃഷി, വി.കെ.ഷാജിയുടെ പറമ്പിലെ തെങ്ങിൻ തൈകൾ, വാഴകൃഷി, ടി.പി.സദാനന്ദന്റെ വാഴകൃഷി, ചേമ്പ്, കുന്നുമ്മൽ ഗംഗാധരന്റെ വീട്ടുപറമ്പിലെ ചേമ്പ് കൃഷി, ടി.പി.കുമാരന്റെ വാഴക്കൃഷി, ചേന തുടങ്ങിയവയെല്ലാം ഇതിനകം കാട്ടുപന്നികളുടെ വിളയാട്ടത്തിന് ഇരയായി.
ചിലയിടങ്ങളിൽ രാപ്പകൽ ഭേദമന്യേ പന്നിക്കൂട്ടം ഇറങ്ങുന്നത് വിദ്യാർത്ഥികൾക്കും മറ്റു കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. രാത്രി പന്നിശല്യം കാരണം പലരും പുറത്തിറങ്ങാൻ പേടിക്കുകയാണ്.
ഉണ്ണികുളം പഞ്ചായത്തിലെ 23-ാം വാർഡിൽ പെടുന്ന തേനാക്കുഴിയിലെ അയൽസഭയിൽ പ്രദേശവാസികൾ സംഘടിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയിയ്ക്ക് ഇതിനിടെ നിവേദനം നൽകിയിട്ടുണ്ട്. കാട്ടുപന്നികളുടെ ശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വനം വകുപ്പിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭീമഹർജി.
''നാട്ടിലിറങ്ങുന്ന അക്രമകാരികളായ പന്നികളെ പിടികൂടാൻ വനപാലകർക്ക് നിർദ്ദേശം നൽകുമെന്ന് നേരത്തെ വകുപ്പ് മന്ത്രി പറഞ്ഞതാണ്. ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. ഇപ്പോൾ സ്വൈര്യജീവിതം നഷ്ടപ്പെട്ട അവസ്ഥയാണ്. ഇനിയെങ്കിലും പരിഹാരനടപടിയുണ്ടായേ പറ്റൂ.
തേനാക്കുഴി നിവാസികൾ