മാനന്തവാടി: രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാവേണ്ടേത് മതമല്ല, ദേശീയതയാവണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ. തിരുനെല്ലിയിൽ മാനവസംസ്‌കൃതി സംസ്ഥാന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ അധികാരത്തിലേറിയ ശേഷം വിദ്യാഭ്യാസം, സിനിമ, കല, സാഹിത്യം എന്നിങ്ങനെ സാംസ്‌ക്കാരികമേഖലകളിൽ കടന്നുകയറ്റം കാണാം. സാംസ്‌ക്കാരികരംഗത്തുള്ളവർ എതിർപ്പുകൾ ഉയർത്തുമ്പോൾ അവരെ കൊലപ്പെടുത്തുകയാണ്. പൗരത്വ നിയമ ഭേദഗതി മാനവസമൂഹത്തിനെതിരാണ്. ഹിന്ദുവായാലും, മുസ്ലീമായാലും മറ്റേത് മതസ്ഥരായാലും അവരുടെ വ്യക്തിത്വത്തെ തകർത്തുകൊണ്ടാണ് സർക്കാർ മന്നോട്ടുപോകുന്നത്. ഭരണഘടന സഹിഷ്ണുതയുടെ വിശുദ്ധ ഗ്രന്ഥമാകുന്നത് ജനാധിപത്യത്തിന്റെ സവിശേഷത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മാനവ സംസ്‌കൃതി ചെയർമാൻ പി.ടി തോമസ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്, പി.കെ ജയലക്ഷ്മി, ആർ ഗോപാലകൃഷ്ണൻ, ഐ.എം.എ റഫീഖ്, അഡ്വ. എൻ.കെ വർഗീസ്, കെ.ജെ മാണി, എം അസൈനാർ, കെ.വി പോൾ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ
മാനവസംസ്‌കൃതി സംസ്ഥാന ക്യാംപ് എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു