മീനങ്ങാടി: സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ ആയിരം മികച്ച വിദ്യാലയങ്ങൾ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥി അധിഷ്ഠിത കർമ്മപദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസം ക്ലാസ്സ് മുറികളിൽ ഒതുക്കി നിർത്താതെ കുട്ടികളിലെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി പരിശീലനം നൽകാൻ പദ്ധതിയിലൂടെ സാധിക്കും.
സംസ്ഥാനത്ത് 141 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന് വരുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതിയ കെട്ടിടങ്ങൾ കൂടി നിർമ്മിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാർച്ച് ആദ്യവാരത്തോടെ സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള മുഴുവൻ സ്‌കൂളുകളും ഹൈടെക് ആക്കി മാറ്റി വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പു നൽകി. ദേശീയ സംസ്ഥാന മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ തുടങ്ങിയവർ സംസാരിച്ചു.
(ചിത്രം)
കണിയാമ്പറ്റ സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അനുവദിച്ച 4,85,000 രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ്ബ്, വൈസ് പ്രസിഡന്റ് റഹിയാനത്ത് ബഷീർ, സെക്രട്ടറി വി. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
(ചിത്രം)
കോട്ടത്തറ സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോട്ടത്തറ: കോട്ടത്തറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ ഹയർസെക്കൻഡറി കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ദേവകി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് വി.എൻ ഉണ്ണികൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി. ജി അലക്സാണ്ടർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ വിൽസൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.
(ചിത്രം)
ശാസ്ത്രബോധം യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കും : മന്ത്രി രവീന്ദ്രനാഥ്
വെള്ളമുണ്ട: ശാസ്ത്രം പഠിക്കുന്നതിലൂടെ യുക്തിപരമായി ചിന്തിക്കാനുളള കഴിവ് വർദ്ധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. വെള്ളമുണ്ട ഗവ: മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ വാർഷികാഘോഷത്തിന്റെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൽ ടിങ്കറിംഗ് ലാബ് വിദ്യാർത്ഥികളിലെ ശാസ്ത്ര ചിന്തകൾക്ക് ഊന്നൽ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.ശാസ്ത്രം പഠിക്കുന്നതിലൂടെ പലതരത്തിലുള്ള അന്ധവിശ്വാസത്തിൽ നിന്ന് രക്ഷപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
നീതി ആയോഗിന്റെ പദ്ധതിയിൽ സ്‌കൂളിന് അനുവദിച്ച അടൽ ടിങ്കറിംഗ് ലാബ്, സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനം, ഡിജിറ്റൽ മാഗസിൻ പ്രകാശനം, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.ദേവകി,ജില്ലാ പഞ്ചായത്തംഗം എ.എൻ.പ്രഭാകരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ടി.എം.ഖമർലൈല,പി.ടി.എ.പ്രസിഡന്റ് ടി.കെ.മമ്മൂട്ടി തുടങ്ങിയവർ പങ്കെടുത്തു.