കൽപ്പറ്റ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ എക്‌സൈസ് വകുപ്പ് ജില്ലയിൽ രജിസ്റ്റർ ചെയ്തത് 458 കേസുകൾ. ഇതിൽ 61 അബ്കാരി കേസുകളും 39 എൻ.ഡി.പി.എസ് കേസുകളും 358 കോട്പാ കേസുകളും ഉൾപ്പെടും.

അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലായി യഥാക്രമം 42, 35 പ്രതികളെ അറസ്റ്റ് ചെയ്തു. തൊണ്ടിമുതലായി 29.5 ലിറ്റർ ചാരായവും അനധികൃതമായി സൂക്ഷിച്ച 150.675 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു. 575 ലിറ്റർ വാഷും 4.23 കിലോഗ്രാം കഞ്ചാവും ഇക്കാലയളവിൽ പിടികൂടി. 30.48 ലിറ്റർ അന്യസംസ്ഥാന നിർമിത മദ്യവും 493.95 കിലോഗ്രാം പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ലഹരിക്കായി ഉപയോഗിക്കുന്ന 101 മയക്ക് മരുന്ന് ഗുളികകൾ, 4.91 ഗ്രാം എം.ഡി.എം.എ, 5.19 ഗ്രാം ഹാഷിഷ് ഓയിൽ, 121 സ്പാസ്‌മോ പ്രോക്സീവോൺ ഗുളിക, 2 ഗ്രാം ചരസ് എന്നിവയും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോട്പാ കേസിൽ 63,900 രൂപ പിഴയീടാക്കി. 621 ഗ്രാം ഗോൾഡ്, 6,86,000 രൂപയുടെ കുഴൽപണം എന്നിവയും പരിശോധനയിൽ കണ്ടെത്തി.

ജില്ലയിലെ 548 കളളു ഷാപ്പുകളിൽ പരിശോധന നടത്തി. വിവിധ കള്ളുഷാപ്പുകളിൽ നിന്നായി 74 സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 7 ന് വൈകീട്ട് 7 ന് യുവജന സംഘടനകളുടെ സഹകരണത്തോടെ ജില്ലയിലാകെ ദീപം തെളിയിക്കാനും താലൂക്ക്തലത്തിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കാനും കളക്‌ട്രേറ്റിൽ ചേർന്ന വിമുക്തി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അൻസാരി ബീഗു, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.