കോഴിക്കോട്: ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർക്കായി സ്‌പെഷൽ ഒളിമ്പിക്‌സ് ഭാരത് കേരള സംഘടിപ്പിക്കുന്ന സംസ്ഥാന കായികമേള ഫെബ്രുവരി 28ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കും. ത്രിദിന മേളയിൽ 14 ജില്ലകളിൽ നിന്നായി മൂവായിരത്തോളം ഭിന്നശേഷിക്കാർ പങ്കെടുക്കും. സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനത്തെത്തുന്നവർ ദേശീയതലത്തിൽ മത്സരിക്കാൻ യോഗ്യത നേടും. ദേശീയമത്സര വിജയികൾക്ക് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാം. പോളണ്ടിലാണ് ഇത്തവണ അന്താരാഷ്ട്ര സ്പെഷൽ ഒളിമ്പിക്‌സ് നടക്കുക.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാഗതസംഘ രൂപീകരണയോഗം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് കെ.ജെ. മത്തായി അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷൽ ഒളിമ്പിക്‌സ് പ്രോഗ്രാം കൺവീനർ സിസ്റ്റർ റാണി ജോ മേളയെ കുറിച്ച് വിശദീകരിച്ചു.
കോർപ്പറേഷൻ കൗൺസിലർ പി.കിഷൻചന്ദ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, കെ.ലോഹ്യ, ബഷീർ ബഡേരി, പി. ടി. ആസാദ്, എസ്. കെ. അബൂബക്കർ, സി. പി. ഹമീദ്, എൻ. വി. ബാബുരാജ്, ഫാദർ ക്ലീറ്റസ് ടോം, പ്രൊഫ.ഫിലിപ്പ് ആന്റണി എന്നിവർ സംസാരിച്ചു. സ്‌പെഷൽ ഒളിമ്പിക്‌സ് ഭാരത് കേരള ചെയർമാൻ ഡോ.എം.കെ. ജയരാജ് സ്വാഗതവും ടി.കെ. കിഷോർകുമാർ നന്ദിയും പറഞ്ഞു.
എ. പ്രദീപ്കുമാർ (ചെയർമാൻ), ഡോ.എം.കെ. ജയരാജ് (ജനറൽ കൺവീനർ), ടി.പി. ഷിജിൻ (ട്രഷറർ) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ.