dgp
ഇന്നലെ കളക്ടറേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പരാതികൾ പരിശോധിക്കുന്നു

 അദാലത്ത് മുമ്പാകെ വന്നത് 46 പരാതികൾ

 ചീറ്റ പട്രോളിംഗ് സംവിധാനം നടപ്പാക്കും

കോഴിക്കോട്: പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കോഴിക്കോട് നഗരത്തിലെ ട്രാഫിക് സംവിധാനത്തിൽ മാറ്റം കൊണ്ടുവരുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ഇന്നലെ കളക്ടറേറ്റിൽ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ ഒരുക്കിയ ഡി.ജി.പിയുടെ പരാതി പരിഹാര അദാലത്ത് മുമ്പാകെ ഒരു വിദ്യാർത്ഥി മുന്നോട്ടുവെച്ച അഭിപ്രായങ്ങളുടെ ചുവട് പിടിച്ച് കൂടുതൽ നിർദ്ദേശങ്ങൾ ആരായാൻ തീരുമാനിക്കുകയായിരുന്നു. നഗരത്തിലെ പ്രധാന റോഡുകൾ വൺവേ ആക്കുന്നതിനും ജംഗ്ഷനുകളിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളായിരുന്നു പരാതിയിൽ മുഖ്യമായും.

ഡ്രൈവർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരെയെല്ലാം വിളിച്ചു ചേർത്ത് ട്രാഫിക് പ്രശ്‌ന പരിഹാരത്തിന് നിർദ്ദേശങ്ങൾ തേടും. പൊതുജനാഭിപ്രായ രൂപീകരണത്തിന് ശേഷം നടപ്പാക്കാൻ കഴിയുന്ന മാറ്റങ്ങൾ വൈകാതെ നടപ്പാക്കുമെന്ന് ഡി.ജി.പി പറഞ്ഞു.

വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ചീറ്റ പട്രോളിംഗ് സംവിധാനം ജില്ലയിലും നടപ്പാക്കും. കോഴിക്കോട് ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളിലും കൺട്രോൾ റൂം വാഹനങ്ങളിലും മുന്നിലെന്ന പോലെ പിന്നിലും കാമറകൾ ഘടിപ്പിക്കും.

മിഠായിത്തെരുവിൽ ട്രാഫിക് സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ട് വ്യാപാരികൾ നൽകിയ പരാതി പരിഗണിക്കുന്നുണ്ട്. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതി മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും. മിഠായിത്തെരുവിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഇപ്പോൾ വണ്ടികൾക്ക് കടക്കാനാവുന്നില്ല. കൂടുതൽ ജനങ്ങൾക്ക് ഇവിടെ എത്താൻ കഴിയുന്ന തരത്തിൽ, വ്യാപാരികൾക്ക് കൂടി സഹായകമാവുന്ന മാറ്റം പരിശോധിച്ച് നടപ്പാക്കും.

അദാലത്തിൽ 46 പരാതികളാണ് പരിഗണിച്ചത്. പൊതുപ്രശ്‌നങ്ങളെന്ന പോലെ വ്യക്തിസംബന്ധമായ പ്രശ്‌നങ്ങളും പരാതിയായി എത്തിയിരുന്നു.

ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോർജ് എന്നിവർക്കു പുറമെ ജില്ലയിലെ ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒ മാർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

കൂടത്തായി കേസ്സിലെ

വെല്ലുവിളി മറികടക്കും

ഫോറൻസിക് തലത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട് കൂടത്തായി കേസ്സുകളിൽ. എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ഈ വെല്ലുവിളി അതിജീവിക്കാനാകുമെന്ന വിശ്വാസമുണ്ട്. റൂറൽ എസ്.പി ക്ക് സ്ഥലം മാറ്റമുണ്ടെങ്കിലും അന്വേഷണത്തിന്റെ മേൽനോട്ടത്തിന് അദ്ദേഹം തുടർന്നുമുണ്ടാകും.

ജില്ലയിൽ രണ്ടു കേസുകളിൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുണ്ട്. ഇത് പരിശോധിച്ച് നടപടിയെടുക്കും. പൊലീസ് ഡ്രൈവർ ടെസ്റ്റ് പാസായിട്ടും നിയമനം നിളുന്നതിൽ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ ബന്ധപ്പെട്ടവർക്ക് തുടർ നടപടിയ്ക്ക് നിർദ്ദേശം നൽകും.

കുന്നമംഗലം കോ ഓപ്പറേറ്റിവ് ബാങ്കിൽ നടന്ന പണത്തട്ടിപ്പ് സംബന്ധിച്ച പരാതി സഹകരണ രജിസ്ട്രാർക്ക് കൈമാറുന്നുണ്ട്. പെൻഷൻ വ്യാജരേഖ ചമച്ച് പണം തട്ടിയെന്ന പരാതിയിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയിലും അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ഡി.ജി.പി പറഞ്ഞു.

''സംസ്ഥാനത്ത് പോക്‌സോ കേസ്സുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികളിലെന്ന പോലെ രക്ഷിതാക്കളിലും അദ്ധ്യാപകരിലും പ്രതിരോധ മാർഗങ്ങളുടെ കാര്യത്തിൽ നല്ല ധാരണയുണ്ടാവണം. ഇതിനായി നിരന്തരം ബോധവത്കരണം നടത്തും. അങ്ങനെ കേസ്സുകളുടെ എണ്ണം പ്രകടമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ലോക്‌നാഥ് ബെഹ്‌റ,

ഡി.ജി.പി