കോഴിക്കോട്: എൽ.ഐ.സി ഓഹരികൾ സ്റ്റോക്ക് എക്‌സേഞ്ചിൽ ലിസ്റ്റ് ചെയ്യാനും വിറ്റഴിക്കാനുമുള്ള ബഡ്‌ജറ്റ് നിർദ്ദേശം അങ്ങേയറ്റം പ്രധിഷേധാർഹമാണെന്ന് ആൾ ഇന്ത്യ നാഷണൽ ലൈഫ് ഇൻഷുറൻസ് എംപ്‌ളോയീസ് ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ എം.കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് സമാനമായ നടപടിയാണ് കേന്ദ്ര സർക്കാരിന്റേത്.
സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളെ ദേശസാത്കരിച്ച് ജനങ്ങളുടെ പണം രാജ്യത്തിന്റെ വികസനത്തിന് ലഭ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെയാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എൽ.ഐ.സി സ്ഥാപിച്ചത്. ലോകത്തെ തന്നെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായി മാറുകയായിരുന്നു എൽ.ഐ.സി. 36 ലക്ഷം കോടി രൂപയുടെ ആസ്തിയും ലക്ഷക്കണക്കിന് കോടി രൂപയുടെ വരവുമുള്ള എൽ.ഐ.സി സർക്കാരിന് അവശ്യസമയങ്ങളിൽ രക്ഷയായിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റഴിച്ചാൽ ഉടമസ്ഥതയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കും. പോളിസി ഉടമകൾക്ക് ഇതുവരെ ഉറപ്പു നൽകിയിരുന്ന ഗാരന്റി തുടർന്നുണ്ടാവുമോ എന്നു പറയാനാവില്ല. പുതിയ പോളിസികളുടെ ഉപാധികളും നിബന്ധനകളും കൂടുതൽ സങ്കീണവുമായേക്കാം.
എന്തിനും ഏതിനും നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നവർ വിത്തിനുവെച്ച ധാന്യം പോലും എടുത്ത് ഭക്ഷണമാക്കി കഴിക്കുകയാണ്.
സർക്കാരിന്റെ ഈ തീരുമാനം ആത്മഹത്യാപരമാണ്. തെറ്റായ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് രാഘവൻ ആവശ്യപ്പെട്ടു.