tp-ramakrishnan
labour minister, tp ramakrishnan, open letter

കോഴിക്കോട്: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വീടുകൾ കയറി ലഘുലേഖകൾ വിതരണം ചെയ്യാൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും രംഗത്തിറങ്ങി. ലഘുലേഖ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി മുതുകാട് ചെങ്കോട്ടകൊല്ലി ചേമ്പുമല മോഹനന്റെ വീട്ടിലെത്തി നിർവഹിച്ചു.
വിമുക്തി - 90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഗൃഹസന്ദർശനം. പുളിക്കൂൽ രാജൻ, ജോസഫ് വട്ടന്താനത്ത്, മീത്തലെ ചെറുവത്ത് ജഗദീശൻ, ഇല്ലത്ത് ബാവ തുടങ്ങി പത്തിലേറെ പേരുടെ വീടുകൾ കയറി മന്ത്രി ലഹരിക്കെതിരെ സംസാരിച്ചു.

കുട്ടികൾക്കിടയിൽ പലതരം ലഹരിവസ്തുക്കൾ എത്തുന്നുണ്ട്. ഇതിനെതിരെ വീട്ടുകാർ ജാഗ്രത പുലർത്തണം. ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കരുതെന്ന് അദ്ദേഹം വിദ്യാർത്ഥികളെയും ഓർമ്മിപ്പിച്ചു. സ്‌കൂളിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഉടൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.ആർ. അനിൽകുമാർ, വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ ജയപ്രകാശ്, എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാർ എന്നിവരെ കൂടാതെ സ്‌കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഗൃഹസന്ദർശനത്തിൽ പങ്കാളികളായി.