gokulam-f-c
gokulam f c

കോഴിക്കോട്: ഗോളവസരങ്ങളുടെ ചാകരയുണ്ടായിട്ടും മുതലാക്കാനാവാതെ ഗോകുലം എഫ്സി കേരള മണിപ്പൂർ ടീമായ ട്രൗ എഫ്സിയോട് ഐലീഗിൽ 1-1ന് സമനിലയിൽ കുരുങ്ങി. ആദ്യപകുതിയിൽ ഗോകുലവും രണ്ടാം പകുതിയിൽ ട്രൗ എഫ്സിയും ഗോളുകൾ നേടി. ഇതോടെ പോയിൻറ് ടേബിളിൽ 10 മത്സരങ്ങളിൽ 15 പോയിന്റോടെ ട്രൗ മൂന്നാം സ്ഥാനത്തും 9 മത്സരങ്ങളിൽ 4 വിജയവും 2 സമനിലയും 3 തോൽവിയുമായി 14 പോയിന്റോടെ ഗോകുലം നാലാമതും ആയി. ഗോകുലത്തിന്റെ ആക്രമണത്തോടെയായിരുന്നു മത്സരം തുടങ്ങിയത്. ട്രൗ എഫ്സി നിലയുറപ്പിക്കും മുമ്പ് ആദ്യ മിനുട്ടിൽ തന്നെ ഗോകുലം മുന്നേറി. 21ാം മിനുട്ടിൽ മർക്കസിന്റെ മനോഹരമായ പാസ് ഹെൻറി ക്വിസേക്ക ഗോൾ പോസ്റ്റിലേക്ക് കട്ട് ചെയ്തു. തടുക്കാനാവുന്ന ഷോട്ടായിട്ട് കൂടി ട്രാവുവിന്റെ ഗോളി സാവന്തയുടെ കയ്യിൽ നിന്നും പന്ത് വഴുതി പോയി. ആദ്യ ഗോൾ വീണതോടെ ഗാലറി ഇളകി മറിഞ്ഞു. ഗോൾ വഴങ്ങിയതോടെ ട്രൗ ഉണർന്ന് കളിച്ചു. 34ാം മിനുട്ടിൽ ട്രൗവിൻെറ ഒക്ക്ച്ചിയുടെ പോസ്റ്റിന്റെ ഇടത് മൂലയിലേക്കുള്ള ഷോട്ട് ഗോകുലത്തിൻെറ മലയാളി ഗോളി ഉബൈദ് തകർപ്പൻ സേവ് നടത്തിയതിനാൽ അപകടം ഒഴിവായി. രണ്ടാം പകുതിയിൽ 51ാം മിനുട്ടിൽ സബ്സിറ്റ്യൂട്ടായി ഇറങ്ങിയ 36ാം നമ്പർ താരം ജോസഫ് മയോവയുടെ മികച്ച പാസ് ഗോകുലം ഗോൾ പോസ്റ്റിൽ ഉണ്ടാക്കിയ കൂട്ടപൊരിച്ചിലിലാണ് ട്രൗവിൻെറ മടക്ക ഗോൾ പിറക്കുന്നത്. ട്രൗ ക്യാപ്റ്റൻ പ്രിൻസ്വിൽ എമേക്കയുടെ ഷോട്ട് ഗോളി ഉബൈദ് തടഞ്ഞിട്ടെങ്കിലും ബോൾ 7ാം നമ്പർ താരം കൃഷ്ണാനന്ദ് സിംഗിൻെറ കാലിൽ എത്തുകയും അദ്ദേഹം അത് കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു. ഗോൾ വഴങ്ങിയ ഗോകുലം പിന്നീട് നിരവധി അവസരങ്ങൾ ട്രൗവിൻെറ ഗോൾ പോസ്റ്റിൽ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യം ചതിച്ചു.