കൽപ്പറ്റ: രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ സീലിംഗ് പൊളിഞ്ഞു വീണു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. കൽപറ്റ ജനറൽ ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിന്റെ മേൽക്കൂരയും സീലിംഗുമാണ് പൊളിഞ്ഞുവീണത്. രണ്ടാഴ്ച മുമ്പാണ് അറ്റകുറ്റപണിക്ക് ശേഷം കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ഒമ്പതു മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് ചികിത്സയ്ക്കായി എത്തിയ നാലു കുട്ടികളും രക്ഷിതാക്കളും അടക്കമുള്ളവർ വാർഡിൽ ഉണ്ടായിരുന്നു. കുട്ടികളെയെല്ലാം എക്സ് റേ എടുക്കാൻ കൊണ്ടുപോയതു കൊണ്ട് തലനാഴിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാർഡിലുണ്ടായിരുന്നവരെ ഉടൻ സ്ഥലത്തു നിന്ന് മാറ്റി. സംഭവമറിഞ്ഞെത്തിയഞ്ഞ നാട്ടുകാർ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ചു.
സീലിംഗിന് മുകളിൽ സ്ഥാപിച്ച ഇഷ്ടികകളിലെ തേക്കാത്ത ഭാഗം തള്ളിയാണ് സീലിംഗ് പൊളിഞ്ഞു വീണത്.
സംഭവത്തിന് ശേഷം ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് വേണ്ട ഇടപെടലുകൾ ഉണ്ടായില്ലെന്നും തങ്ങളോട് മോശമായി പെരുമാറിയെന്നും വാർഡിലെ രോഗികൾ പരാതിപ്പെട്ടു.
ആശുപത്രി സൂപ്രണ്ട് (എച്ച്.എം.സി ഫണ്ട്) ഉപയോഗിച്ച് വാർഡിൽ വിപുലീകരണം നടത്തിയിരുന്നു. പ്രവർത്തിച്ചുകൊണ്ടിരുന്ന വാർഡ് രണ്ട് ദിവസം അടച്ചിട്ടായിരുന്നു പ്രവൃത്തികൾ നടത്തിയത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.