കൽപ്പറ്റ: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണന്നും പ്രതിസന്ധി മറികടക്കാൻ ഗതാഗത നയം വേണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു.
ഇന്ധന വില വർദ്ധനവ്, ചേയ്സിസ്, ഇൻഷൂറൻസ് പ്രീമിയം, സ്‌പെയർ പാർട്സ്, ജീവനക്കാരുടെ വേതനം, ടയർ, ട്യൂബ്, ലൂബ്രിക്കന്റ്സ് തുടങ്ങിയ ചെലവുകളും വർദ്ധിച്ചതിനാൽ ഈ മേഖല തകർച്ചയിലാണ്.
വയനാട് ജില്ലയിൽ ഇപ്പോൾ ആകെ ബസ്സുകളുടെ എണ്ണം 350 ൽ നിന്ന് 235 ആയി കുറഞ്ഞു. സംസ്ഥാനത്ത് ബസ്സുകളുടെ എണ്ണം 34000 ൽ നിന്ന് 12000 ആയി. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നും കെ.എസ്.ആർ.ടി.സി ബസ്സുകളിലും സ്വകാര്യ ബസുകളിലും ഒരേ കൺസഷൻ ഏർപ്പെടുത്തണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടു.
സമഗ്ര ഗതാഗത നയം രൂപീകരിക്കുക, 140 കിലോ മീറ്ററിൽ കൂടുതൽ സർവ്വീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, ജി.പി.എസ്. സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഒരേരീതിയിൽ നടപ്പാക്കുക, മിനിമം ചാർജ് 10 രൂപയും കിലോമീറ്റർ ചാർജ് 90 പൈസയുമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു . വാർത്താസമ്മേളനത്തിൽ സംയുക്ത സമര സമിതി ഭാരവാഹികളായ നന്ദനം ശ്രീനിവാസൻ, കെ.എച്ച് അഷ്‌റഫ്, പി.കെ.ഹരിദാസൻ, എം.എം. രഞ്ജിത്ത് റാം, ബീരാൻകുട്ടി ഹാജി, അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.