കോഴിക്കോട്: ജാതി അധിക്ഷേപത്തിൽ മനംനൊന്ത് സി.പി.എം പ്രവർത്തകനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.അരുൺകുമാർ തൽസ്ഥാനം രാജിവച്ചു. ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽ വായ മൂടിക്കെട്ടി പങ്കെടുത്ത ശേഷം പഞ്ചായത്ത് സെക്രട്ടറിയെ രാജിക്കത്ത് ഏല്പിക്കുകയായിരുന്നു.
രാജി അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിൽ പോസ്റ്റിട്ട അരുൺകുമാർ " ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു " എന്ന് വേദനയോടെ പറയുന്നു. വോട്ടർമാർ ക്ഷമിക്കണമെന്നും പോസ്റ്റിലുണ്ട്.
രാജിക്കിടയാക്കിയ സംഭവം അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ: ജനുവരി 27ന് നടന്ന ഭരണസമിതി യോഗത്തിന് ശേഷം പത്താം വാർഡ് മെമ്പറും ജനതാദൾ (യു) നേതാവുമായ ജെസ്സി പുലയ സമുദായത്തിൽ പെട്ട എന്നെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചു. സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ജിജി കട്ടക്കയം ഇതെല്ലാം കേട്ടുനിന്നതല്ലാതെ എതിർത്ത് ഒന്നും പറയാൻ മുന്നോട്ട് വന്നില്ല. തുടർന്ന് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയോട് പരാതി പറഞ്ഞു. അദ്ദേഹം ജെസ്സിയോട് കാര്യം തിരക്കി. തെറ്റ് പറ്റിപ്പോയെന്ന് അവർ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിഷേധിക്കുകയാണ് ചെയ്തത്. സി.പി.എം പാർലമെന്ററി പാർട്ടി നേതാവും തള്ളിപ്പറഞ്ഞതു കൊണ്ടാണ് രാജിവയ്ക്കുന്നത്.