സുൽത്താൻ ബത്തേരി: ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ശ്മശാനത്തിൽ മൃതദേഹം കണ്ടെത്തി. ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിലാണ് ദുരൂഹ സാഹചര്യത്തിൽ പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നരയോടെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മരിച്ച ഒരാളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് കുഴി എടുക്കാൻ ശ്മശാനത്തിലെത്തിയവരാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.

ശ്മശാന ഭൂമിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കുഴിയെടുക്കാൻ എത്തിയവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുരുഷന്റെതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബത്തേരി പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്മശാനത്തിൽ വന്ന് തീകൊളുത്തി മരിച്ചതോ മറ്റാരെങ്കിലും കൊണ്ടുവന്ന് കത്തിച്ചതോ ആയിരിക്കാമെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ആരുടേയും മൃതദേഹം ഇവിടെ സംസ്‌ക്കരിച്ചിട്ടില്ല.

ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി എത്തുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താറുണ്ടെന്ന്‌ ക്ഷേത്രസമിതി ഭാരവാഹികൾ വ്യക്തമാക്കി.

പാതി കത്തിക്കരിഞ്ഞ മൃതദേഹത്തെ സംബന്ധിച്ച ദുരുഹത നിലനിൽക്കുന്നതിനാൽ പൊലീസ് അടുത്തിടെ മരിച്ച ആളുകളെപ്പറ്റിയും കാണാതായവരെപ്പറ്റിയുമുള്ള വിവരംശേഖരിച്ചു വരുന്നു.