സുൽത്താൻ ബത്തേരി : ദേവാലയത്തിൽ കയറി പള്ളി വികാരിയുടെ പണവും മൊബൈലും എ.ടി.എം കാർഡും മോഷ്ടിച്ച കേസിലെ പ്രതിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഫാറൂഖ് കരിവാൻ തുരുത്തി സ്വദേശി പൂന്തോട്ടത്തിൽ മനോജ്കുമാർ (53)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രകാരൻ എന്ന നിലയിൽ പള്ളിയിലെത്തി വികാരിയുടെ പതിനായിരം രൂപയും മൊബൈൽ ഫോണും എ.ടി.എം കാർഡും മോഷണം നടത്തുകയായിരുന്നു.
മനോജ്കുമാർ കൽപ്പറ്റയിലെ ഒരു ലോഡ്ജിൽ താമസിക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തു.

കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ 2016-ൽ ഇയാളുടെ പേരിൽ മോഷണകുറ്റത്തിന് കേസുണ്ട്. സുൽത്താൻ ബത്തേരി എസ്.ഐ. വിജയൻ, സി.പി.ഒ മാരായ കെ.പി.സുരേഷ്, രമേശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.