കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ്.സി സെമിയിൽ. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക്ക സോക്കറിനെതിരെ (8-1) വമ്പൻജയം സ്വന്തമാക്കിയാണ് ഗോകുലം സെമിയിലേക്ക് മാർച്ച് നടത്തിയത്.

ഒരുഗോളിന് പിന്നിട്ട് നിന്നശേഷമാണ് എട്ട് ഗോളുകൾ അടിച്ച് ഗോകുലം കേരള എഫ്.സി വിജയിച്ചത്.
എ.എ സ്റ്റീഫനും( 54, 76) സുളയും (61, 86) ഇരട്ടഗോൾനേടി. ലക്കി ഇ. അക്കൻജി(43), സി.ജി ഗിഫ്റ്റി(45+1), ബി.ജെ. ഡാനിയൽ (68), എമിൽബെന്നി (72) എന്നിവരും ലക്ഷ്യംകണ്ടു. എം.ഡി. ഫവാസ്(42) ലൂക്ക സോക്കറിനായി ആശ്വാസഗോൾ കണ്ടെത്തി. കോട്ടപ്പടി മൈതാനത്ത് നടന്ന എവേ മാച്ചിൽ ലൂക്കസോക്കറിനോട് പരാജയം രുചിച്ച ജയിന്റ് കില്ലേഴ്സിന് മധുരപ്രതികാരം കൂടിയായി സ്വന്തംതട്ടകത്തിലെ ജയം. ആറുമത്സരങ്ങളിൽ നിന്ന് പതിനഞ്ച് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് ഗോകുലം. ഈമാസം 24ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് അടുത്ത മത്സരം.