സുൽത്താൻ ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരമായി നാറ്റ്പാക്ക് ശുപാർശ ചെയ്ത സുൽത്താൻ ബത്തേരി-ചിക്കബർഗ്ഗി-ബേഗൂർ ബൈപാസ്സ് റോഡ് നടപ്പാക്കാമോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരി അറിയിച്ചു. രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരം തേടി ന്യൂഡൽഹിയിൽ അദ്ദേഹവുമായി ചർച്ച നടത്തിയ വയനാട് ചേംബർ ഓഫ് കൊമേഴ്സ്, ദേശീയപാത സംരക്ഷണ കൗൺസിൽ, നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി എന്നീ സംഘടനാ പ്രതിനിധികളെയാണ് അദ്ദേഹം ഇക്കാര്യം അറി​യി​ച്ചത്. രാത്രിയാത്രാ നിരോധനം തുടരാമെന്നും പകരമായി കുട്ട-ഗോണിക്കുപ്പ വഴിയുള്ള ബദൽപാത മതിയെന്നും കഴി​ഞ്ഞ ഫെബ്രുവരി 18 ന് നടന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സെക്രട്ടറിതല ചർച്ചയിൽ തീരുമാനമെടുത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ചി​രുന്നു. സുപ്രീംകോടതി ഈ തീരുമാനത്തിന് അംഗീകാരം നൽകിയതോടെ കുട്ട-ഗോണിക്കുപ്പ ബദൽപാത തത്വത്തിൽ അംഗീകരിക്കപ്പെട്ടു. ബദൽപാത മാത്രമേ പരിഗണിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ നിലവിലെ ദേശീയപാതയിൽ നിന്ന് വിദൂരത്തുള്ളതും കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മൈസൂറിലേക്ക് സൗകര്യപ്രദമായതുമായ ബദൽപാതകളാണ് കേരള സർക്കാർ നിർദ്ദേശിക്കുന്നത്. ഈ റോഡുകളൊക്കെ വന്യജീവി സങ്കേതത്തിലും കടുവാ സങ്കേതത്തിലും 25 കി.മി യിലധികം കടന്നുപോകുന്നവയാണ്. എന്നാൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ നടത്തിയ പഠനത്തി​ൽ കണ്ടെത്തിയ നിലവിലെ ദേശീയപാതയിൽതന്നെ വരുന്ന വള്ളുവാടി-ചിക്കബർഗ്ഗി- ബേഗൂർ ബൈപാസ് ചുരുങ്ങിയ ദൂരം മാത്രമാണ് വനത്തിലൂടെ കടന്നുപോകുന്നത്. നിലവിലെ ദേശീയപാത 766 ൽ മൈസൂറിലേക്കുള്ള ദൂരത്തിൽ 20 കി.മി ഈ പാത വഴി കുറവുണ്ടാവുകയും ചെയ്യും. ഈ പാത നിലവിൽ വരുന്നതിനെതിരെ ശക്തമായ സമ്മർദ്ദം നടക്കുന്ന സാഹചര്യത്തിലാണ് സംഘടനകൾ കേന്ദ്ര മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയത്.

ചർച്ചയിൽ ജെ.എസ്.എസ് മഠാധിപതി സ്വാമി ശിവനാഗരാജു, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, അഡ്വ:പി.വേണുഗോപാൽ, ഡോ:സതീഷ് നായ്ക്ക്, വി.ആർ.സതീഷ്, സാജൻ മാത്യു, ബിജു ശിവരാമൻ, കെ.ജി.തങ്കച്ചൻ എന്നിവർ പങ്കെടുത്തു.