സുൽത്താൻ ബത്തേരി: ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ബത്തേരിയിലെ ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിൽ കാണപ്പെട്ട മൃതദേഹത്തിന് മൂന്ന് മാസം പഴക്കമുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണം സംഭവിച്ച ഉടനെയല്ല മൃതദേഹം അഴുകിയശേഷമാണ് തീ കത്തിച്ചതെന്നും പ്രഥമിക റിപ്പോർട്ട്. സാരമായ മുറിവുകളോ പരുക്കുകളോ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 40-നും 50-നും ഇടയിൽ പ്രായമുള്ള പുരുഷന്റെതാണ് മൃതദേഹമെന്നും സ്ഥിരികരിച്ചിട്ടുണ്ട്.
മരണകാരണം വ്യക്തമല്ല. മറ്റെവിടെയെങ്കിലും വെച്ച് മരണപ്പെട്ടശേഷം ശ്മശാനത്തിൽ കൊണ്ടു വന്ന് കത്തിച്ചതാണോ എന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നു. വിഷം ഉള്ളിൽ ചെന്നോ മറ്റോ ആണോയെന്നറിയാൻ ലാബിൽ നിന്നുള്ള പരിശോധന ഫലം വരേണ്ടതുണ്ട്. മൃതദേഹത്തിൽ നിന്നുള്ള ഡി.എൻ.എ പരിശോധിക്കും. കാണാതായതായി പരാതിയുള്ളവരുടെ ബന്ധുക്കളിൽ നിന്ന് ഡി.എൻ.എ പരിശോധിച്ച് ഒത്തുനോക്കുകയും ചെയ്യും.
തിങ്കളാഴ്ച കാലത്ത് പതിനൊന്നരയോടെയാണ് ശ്മശാനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ ദിവസം മരണപ്പെട്ട ഒരാളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി ശ്മശാനത്തിൽ കുഴിയെടുക്കുന്നതിനായി എത്തിയവരാണ് പകുതി കത്തിക്കരിഞ്ഞ് ജീർണിച്ച നിലയിലുള്ള ജഡം കണ്ടത്.