കൽപ്പറ്റ: കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കളക്ടറേറ്റിൽ ചേർന്ന കൊറോണ പ്രതിദിന അവലോകന യോഗത്തിലാണ് തീരുമാനം.
വ്യാജ പ്രചാരണം ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി പരത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ഐ.ടി.ആക്ട് പ്രകാരവും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ജില്ലയിൽ ആറുപേർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: കൊറോണ രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയ ആറു പേർ കൂടി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ കളക്‌ട്രേറ്റിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിൽ അറിയിച്ചു. ഇതോടെ ജില്ലയിൽ 49 പേരാണ് വീടുകളിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നത്. ജപ്പാൻ, ജർമ്മനി, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണിവർ. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിരീക്ഷണത്തിൽ കഴിയുന്നവർ 28 ദിവസം നീളുന്ന കാലയളവിൽ പുറത്തിറങ്ങാൻ പാടില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി ഇവർ പാലിക്കണം. മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, മേപ്പാടി വിംസ് ആശുപത്രി എന്നിവിടങ്ങളിൽ കൊറോണ ഐസലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിദിന യോഗത്തിൽ സബ്കളക്ടർ വികൽപ്പ് ഭരദ്വാജ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി ഡി.എം.ഒ നൂന മർജ, എൻ.എച്ച്.എം ഡി.പി.എം ഡോ.ബി.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
കൺട്രോൾ റൂം നമ്പറുകൾ: കൽപ്പറ്റ: 04936 206606, മാനന്തവാടി: 04935 240390