കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ പെട്രോൾ ബങ്കും വരുന്നു. നാളെ കോഴിക്കോട്ടെത്തുന്ന ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ബങ്കിന്റെ സ്ഥാനം നിർണയിക്കും. കുറ്റക്കാരെ പാർപ്പിക്കാനുള്ള തടവറകളായി മാത്രം ജയിലുകളെ കാണാതെ വാണിജ്യ സ്ഥാപനങ്ങളാക്കി മാറ്റണമെന്ന അലക്സാണ്ടർ ജേക്കബ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മേഖകളിലേക്ക് ജയിൽ വകുപ്പ് കടക്കുന്നത്.
ഇൗ വാണിജ്യ സ്ഥാപനങ്ങളിൽ ജയിൽ ജീവനക്കാർ സൂപ്പർവൈസർമാരായും തടവുകാരെ തൊഴിലാളികളാക്കി മാറ്റാനുമാണ് തീരുമാനം.
മിനി ബൈപാസ് റോഡിൽ കോംട്രസ്റ്റിന്റെ എതിർവശത്തുള്ള ജയിലിന്റെ സ്ഥലത്താണ് പെട്രോൾ ബങ്ക് ആരംഭിക്കാൻ ആലോചിക്കുന്നത്. ജയിൽ ഡി.ജി.പി കൂടി ഒ.കെ പറഞ്ഞാൽ ഇവിടെ തന്നെ പെട്രോൾ ബങ്ക് വരും.
ഇതോടൊപ്പം ജയിലുകളിൽ മറ്റ് വരുമാനസ്രോതസ്സും കണ്ടെത്താൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട് .ഇതിൽ പ്രധാനമാണ് കോഴിക്കോട് സ്പെഷൽ ജയിലുകളിൽ ആരംഭിച്ച പച്ചക്കറി കൃഷി. ജൈവരീതിയിൽ നടത്തുന്ന കൃഷിയിൽ വൻ വിളവാണ് ലഭിക്കുന്നത്. ഇപ്പോൾ ജയിലിൽ നൽകുന്ന ഭക്ഷണത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളിൽ നല്ല ഭാഗവും ജയിലിൽ തന്നെ കൃഷി ചെയ്യുന്നവയാണ്. മുട്ടക്കോഴികളെ വളർത്താനും പദ്ധതിയുണ്ട്.
കൊയിലാണ്ടി സബ് ജയിലിൽ കൂൺ കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. വടകര സബ് ജയിലിൽ ഇപ്പോൾ തന്നെ കൂൺ കൃഷി നടത്തുന്നുണ്ട്. ഇവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചിക്കുന്നു. ജയിൽ വാണിജ്യ സ്ഥാപനങ്ങളായി മാറുമ്പോൾ രണ്ട് നേട്ടങ്ങളാണാണുണ്ടാവുക. ഒന്ന്, ജയിൽ സർക്കാരിന് ഒരു ബാദ്ധ്യത അല്ലാതായി മാറും. മറ്റൊരു നേട്ടംസ തടവുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കഴിയുന്നതോടൊപ്പം തന്നെ ഒരു തൊഴിലും സ്വായത്തമാക്കാൻ സാധിക്കും. തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മോശമല്ലാത്ത ഒരു തുക കൈയിലുണ്ടാവും.