soba
ശോഭ

മാനന്തവാടി: കുറുക്കൻമൂല കളപ്പുരക്കൽ കോളനിയിലെ പരേതനായ കരിയന്റെയും അമ്മിണിയുടെയും മകൾ ശോഭ (28)യെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക്ക മൂല കളപ്പുരക്കൽ ജിജി ജോസഫിനെ (44) യാണ് മാനന്തവാടി സി ഐ എം.എം.അബ്ദുൾ കരീമും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ സെക്ഷൻ 304, തെളിവ് നശിപ്പിക്കൽ സെക്ഷൻ 201 വകുപ്പുകൾ പ്രകാരമാണ് കേസേടുത്തിരിക്കുന്നത്.

മൂന്നാം തിയ്യതി രാവിലെയാണ് ശോഭയെ ജിജിയുടെ ഉടമസ്ഥതയിലുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉള്ളതായി ആരോപണമുയർന്നതിനെ തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. ഷോക്കേറ്റതാണ് മരണകാരണമെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് ജിജിയെ അറസ്റ്റ് ചെയ്തത്.

ശോഭയുടെ കാലിൽ കണ്ട മുറിവ് മൃതദേഹത്തിന് സമീപം കണ്ടെത്തിയ വസ്തു കൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ സ്ഥാപിച്ചിരുന്ന കമ്പിവേലി സ്ഥലത്ത് നിന്ന് മാറ്റിയതായി വ്യക്തമായത്. ജിജിയുമായി നടത്തിയ തെളിവെടുപ്പിൽ സമീപത്തെ ചതുപ്പിൽ നിന്ന് ഫെൻസിംഗിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

ശോഭയുടെ മൊബൈൽ ഫോണും പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു, വയലിലേക്ക് വൈദ്യുതി ലൈൻ വലിച്ച ജിജിയുടെ വീട്, ഫെൻസിംഗിനായി കമ്പി വാങ്ങിയ കാട്ടിക്കുളത്തെ കട എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

എസ് ഐ സി.ആർ.അനിൽകുമാർ, എ എസ് ഐ എം.രമേശൻ.സീനിയർ സി പി ഒ മാരായ മെർവിൻ ഡിക്രൂസ്, എ.നൗഷാദ്, വി.ബഷീർ, സി പി ഒ വിപിൻ കൃഷ്ണ ഡ്രൈവർ കെ.ബി ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.