കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം ഭീകരവാദികൾക്ക് കീഴടങ്ങുകയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്നും അവർക്ക് വേണ്ടി അമിത് ഷായ്ക്ക് കത്തയക്കില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഒരു രാത്രി വെളുക്കും മുമ്പേ നിലപാട് മാറ്റിയത് മുസ്ലിം വോട്ടിന് വേണ്ടിയാണ്. അറസ്റ്റിലായ ഇരുവരും മാവോയിസ്റ്റുകളാണെന്ന് നിയമസഭയിൽ രണ്ടു തവണയും വാർത്താസമ്മേളനത്തിലും പൊതുയോഗത്തിലും നിരവധി തവണയും ആവർത്തിച്ച പിണറായിയുടെ ഈ കരണംമറിച്ചിൽ അപഹാസ്യമാണ്. പന്തീരാങ്കാവ് യു.എ.പി.എ കേസ് പിൻവലിച്ചാൽ ബി.ജെ.പി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.പ്രതിപക്ഷത്തിന് വേണ്ടിയാണ് അമിത് ഷായ്ക്ക് കത്തയച്ചതെന്ന് പറയുന്ന പിണറായി ഇനി മുസ്ലിംലീഗിൽ ചേരുന്നതാണ് നല്ലത്. അലനും താഹയും കുറ്റക്കാരല്ലെന്നാണെങ്കിൽ അവരെ മാവോയിസ്റ്റുകൾ എന്ന് വിളിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, മുൻ ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ജിജേന്ദ്രൻ, രജനേഷ് ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.