കൽപ്പറ്റ: ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്ന് വയനാട്ടിലെത്തിയ യുവാവിന്റെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കളക്ടറേറ്റിൽ സബ് കളക്ടർ വികൽപ് ഭരദ്വാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ ജില്ലയിലെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ അറിയിച്ചത്.
ഫെബ്രുവരി മൂന്നിന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പരിശോധനാ ഫലമാണ് വയനാട് ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രൊജക്ട് (ഐഡിഎസ്‌പി) ഓഫിസിലെത്തിയത്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 54 ആയി ഉയർന്നു. തായ്ലന്റ്, സിങ്കപ്പൂർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തിയ 5 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്.
നിരീക്ഷണത്തിൽ കഴിയുന്നവർ കാലയളവ് കഴിയുന്നതു വരെ വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് സബ് കളക്ടർ യോഗത്തിൽ നിർദേശിച്ചു. ഇവരുടെ വീടുകളിൽ വളർത്തുമൃഗങ്ങളുടെ അസാധാരണ മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ തിങ്കളാഴ്ചയും ബോധവത്കരണ ക്ലാസ്സുകൾ നടത്താനും യോഗം നിർദ്ദേശിച്ചു. ഇതിനുള്ള ബോധവത്കരണ സാമഗ്രികൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകും.
ആരാധനാലായങ്ങളിൽ ബോധവത്കരണം
ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കൊറോണ ബോധവത്കരണം നടത്താൻ കളക്‌ട്രേറ്റിൽ ചേർന്ന മതമേലദ്ധ്യക്ഷൻമാരുടെ യോഗത്തിൽ നിർദ്ദേശം ഉയർന്നു. കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയ്യുന്നതിനുളള മുൻകരുതൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ എ.ഡി.എം തങ്കച്ചൻ ആന്റണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. വിദേശ രാജ്യങ്ങളുമായി സമ്പർക്കം പുലർത്തി തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാൻ യോഗത്തിൽ തീരുമാനിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ആൻസി മേരി ജേക്കബ് കൊറോണ വൈറസ് സംബന്ധിച്ച് വിശദീകരണം നടത്തി.
ബോധവൽക്കരണ കാമ്പെയിൻ തുടങ്ങി
കൊറോണ വൈറസ് ആശങ്ക വേണ്ട, ജാഗ്രത മതി എന്ന സന്ദേശവുമായി തരിയോട് സെക്കണ്ടറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ കാമ്പെയിന് തുടങ്ങി. തരിയോട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിദഗ്ദ പാലിയേറ്റീവ് കെയർ നഴ്സും പരിശീലകയുമായ ജൂലി മാത്യു, ഫിസിയോതെറാപ്പിസ്റ്റ് സനൽരാജ് എന്നിവർ ക്ലാസെടുത്തു.