അമ്പലവയൽ : അമ്പലവയൽ ടൗണിൽ കൂട്ടമായി എത്തിയ തേനീച്ചയുടെ കുത്തേറ്റ് ഇരുപത്‌ പേർക്ക് പരിക്കേറ്റു. ഇവരെ അമ്പലവയലിലെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അമ്പലവയൽ ഗവൺമെന്റ് ആശുപത്രി പരിസരം, മ്യൂസിയം പരിസരം, സി.എസ്.ഐ. പള്ളിക്ക് സമീപം, സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ നിന്ന് ആളുകൾക്ക്‌ തേനീച്ചയുടെ കുത്തേറ്റത്.
അമ്പലവയൽ ഗവ. ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ കുന്നമംഗലം സ്വദേശി രാജീവ് കുമാർ (40) ആണ് ആശുപത്രി പരിസരത്ത് വെച്ച്‌ തേനീച്ചകൂട്ടത്തിന്റെ ആക്രമണത്തിന് ആദ്യം ഇരയായത്. ഇയാളുടെ ശരീരത്തിൽ നിന്ന് 350-ഓളം തേനീച്ചയുടെ കൊമ്പുകൾ ഡോക്ടർ എടുത്തുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി പരിസരത്ത് നിന്ന് നീങ്ങിയ തേനീച്ച കൂട്ടം പിന്നീട് മ്യുസിയം പരിസരം, സി.എസ്.ഐ. പള്ളി, സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. വാഹനത്തിൽ പോയവരും കാൽനടയാത്രക്കാരും സ്‌കൂൾ കുട്ടികളും തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി.