കൽപ്പറ്റ: മൂന്ന് വർഷം കൊണ്ട് 2000 കോടി രൂപ വയനാട്ടിൽ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയ്ക്ക് 127 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മലബാർ കാപ്പിയും കാർബണ്‍ ന്യൂട്രൽ പദ്ധതിയുമാണ് വയനാട് പാക്കേജിന്‍റെ അടിസ്ഥാനം. 500 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയുടെ 100 ഏക്കർ സ്ഥലത്ത് 150 കോടി രൂപയുടെ മെഗാഫുഡ് പാർക്ക് ഈ സാമ്പത്തിക വർഷം നിർമ്മാണം ആരംഭിക്കും. ബ്രാൻഡഡ് കാപ്പിയുടേയും പഴവർഗ്ഗങ്ങളുടേയും സംസ്‍കരണ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കും.
പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് കാപ്പി പ്ലാന്റേഷൻ മേഖലയെ സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 13 കോടി രൂപ കൃഷി വകുപ്പിന് വകയിരുത്തി. കാപ്പിക്ക് ഡ്രിപ്പ് ഇറിഗേഷന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സൂക്ഷ്മ ജലസേചന പദ്ധതിയിൽ നാല് കോടി രൂപ വേറെയും വകയിരുത്തി.
നിലവിൽ വയനാട്ടിലെ കാർബൺ ബഹിർഗമനം 15 ലക്ഷം ടണ്ണാണ്. ഇതിൽ 13 ലക്ഷം ടൺ കാർബൺ ആഗിരണം ചെയ്യാനുള്ള മരങ്ങൾ ഇവിടെയുണ്ട്.
60000 ടൺ കാർബൺ ബഹിർഗമനം പഞ്ചായത്തുതല പദ്ധതികളിലൂടെ കുറയ്ക്കും. ബാക്കി കാർബൺ ആഗിരണം ചെയ്യുന്നതിന് 6500 ഹെക്ടർ ഭൂമിയിൽ മുള വച്ചുപിടിപ്പിക്കും. 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കും. മീനങ്ങാടി പഞ്ചായത്ത് മാതൃകയിൽ മൂന്നാം വർഷം മുതൽ മരം ഒന്നിന് 50 രൂപ വീതം
വർഷം തോറും കൃഷിക്കാർക്ക് ലഭ്യമാക്കും. മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതി. ഇതിന് 200 കോടി രൂപ ഗ്രീൻ ബോണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് ഡെപ്പോസിറ്റായി നൽകും. ജൈവവൈവിധ്യം എക്കോ ടൂറിസത്തിന് ഉപകാരപ്പെടും.
ടൂറിസം വികസനത്തിന് 5 കോടി രൂപ വകയിരുത്തും.
ഇതിനു പുറമേ വന്യമൃഗശല്യം നിയ്രന്തിക്കുന്നതിന് കൂടുതൽ പണം അനുവദിക്കുമെന്ന് ധനമന്ത്രി അറിഞ്ഞു. പട്ടികജാതി വിഭാഗം വനിതകൾക്ക് 25 കോടി രൂപ. കിഫ്ബിയിൽ വിവിധ പദ്ധതികളിലായി 719 കോടി രൂപ. മെഡിക്കൽ കോളേജിനും കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കും.
വയനാട് ബദൽ തുരങ്കപ്പാതയുടെ ഡിപിആർ തയ്യാറായി കൊണ്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 65 കോടിയുടെ പദ്ധതികൾ നിലവിൽ ജില്ലയിൽ നടക്കുന്നുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, റീബിൽഡ് കേരള എന്നിവയിൽ ഉൾപ്പെടുത്തി 214 കോടി രൂപയും ജില്ലയ്ക്ക് അനുവദിച്ചു.