കൽപ്പറ്റ: മാനന്തവാടി കുറുക്കൻമൂലയിലെ നെൽപ്പാടത്ത് വൈദ്യുതി ഷേക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതി ശോഭയുടെ മരണത്തെ കുറിച്ച് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ലഭിച്ച ശേഷം കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആദിവാസി വിഭാഗത്തിലുള്ള സ്ത്രീകളെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ഇല്ലാതാക്കുന്ന ഒരു മാഫിയാ സംഘം വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പത്ര റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ചയാണ് ശോഭ കൊല്ലപ്പെട്ടത്. ഞായറാഴ്ച കാണാതായ യുവതിയെ തിങ്കളാഴ്ച നെൽപാടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യുതി ഷോക്കാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരിച്ചുകിടന്ന സ്ഥലത്ത് വൈദ്യുതി ലൈനിന്റെ ലക്ഷണമൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. തെളിവ് നശിപ്പിക്കുന്നതിനായി വൈദ്യുതി വയറുകൾ മാറ്റിയതായാണ് കരുതുന്നത്.