കൽപ്പറ്റ: ജില്ലയുടെ സമഗ്രവികസനത്തിൽ എല്ലാവിധ പിന്തുണയും നൽകുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്ന് സി.പി.എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വയനാട് പാക്കേജ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിലൂടെ വയനാടിന്റെ വികസനക്കുതിപ്പിന് ഗതിവേഗമുണ്ടാകും. മൂന്ന് വർഷം കൊണ്ട് നടപ്പിലാക്കുന്ന വയനാട് പാക്കേജിന് രണ്ടായിരം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൃഷി, ആരോഗ്യം, പാർപ്പിടം, വന്യമൃഗശല്യം, വിദ്യാഭ്യാസം, ആദിവാസി ക്ഷേമം എന്നിവയ്ക്കെല്ലാം മുന്തിയ പരിഗണന നൽകിയിട്ടുണ്ട്.
കിഫ്ബിയിൽ നിന്ന് വിവിധ പദ്ധതികൾക്കായി 719 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രളയത്തിൽ തകർന്ന റോഡുകളുടെയെല്ലാം നിർമാണത്തിന് ആവശ്യത്തിന് തുക അനുവദിക്കാൻ തയ്യാറായിട്ടുണ്ട്. എല്ലാ ക്ഷേമപെൻഷനും വർധിപ്പിച്ചതും കൃഷിക്ക് താങ്ങാവുന്ന നിരവധി പദ്ധതികൾ അവതരിപ്പിച്ചതും വയനാടിന് ഏറെ ഗുണകരമാവും. ലൈഫ് അടുത്ത ഘട്ടത്തിൽ സംസ്ഥാനത്താകെ 15,000 പട്ടികജാതിക്കാർക്കും അയ്യായിരം പട്ടികവർഗക്കാർക്കും വീട് നിർമിച്ച് നൽകുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും ജില്ലക്ക് കരുത്തേകും. കിൻ്രഫയുടെ 100 ഏക്കറിൽ 150 കോടി രൂപയുടെ മെഗാഫുഡ് പാർക്ക് 2020–21ൽ നിർമ്മാണം ആരംഭിക്കുന്നതും സ്വാഗതാർഹമാണ്. 200 കോടി രൂപ മൊത്തം ചെലവുള്ള കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കുന്നതിനുള്ള സമയബന്ധിതമായ ഇടപെടലുകളും ബഡ്ജററിലുണ്ട്. ബദൽ പാതയുടെ ഭാഗമായുള്ള കള്ളാടി –ആനക്കാംപൊയിൽ തുരങ്കപാതയ്ക്കും നടപടികൾ ആയിട്ടുണ്ട്. മെഡിക്കൽ കോളേജിനായി കിഫ്ബി വഴി ധനസഹായം പ്രഖ്യാപിച്ചത് പ്രവൃത്തിക്ക് വേഗതകൂട്ടുമെന്നും പ്രസ്താവനയിൽ പറഞ്ഞു.