കോഴിക്കോട്: വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് സ്വന്തം മൈതാനത്ത് റിയൽ കാശ്മീർ എഫ്.സിയെ നേരിടും. കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്രേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരത്തിന്റെ കിക്കോഫ്.
റിയൽ കാശ്‌മീരിനോട് ഇതുവരെ ജയിച്ചിട്ടില്ലെന്ന നിരാശ മറികടക്കുകയും ആരാധകർക്ക് വിജയ വിരുന്നൊരുക്കുകയുമാണ് മലബാറിയൻസിന്റെ ലക്ഷ്യം.
കഴിഞ്ഞ മത്സരത്തിൽ ട്രാവു എഫ്.സിയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ജയിക്കാൻ സാധിക്കത്തത് ഗോകുലത്തിന് വലിയ തിരിച്ചടി ആയിരുന്നു. ക്യാപ്ടൻ ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം മാർക്കസ് ജോസഫിലാണ് ഗോകുലത്തിന്റെ പ്രധാന പ്രതീക്ഷ. ലീഗിൽ ഇതുവരെ അഞ്ച് ഗോളുകൾ നേടിയ മാർക്കസ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ രണ്ടാമതാണ്. മാർക്കസിന് മികച്ച പിന്തുണ നൽകുന്ന ഹെൻട്രി കിസേക്കയുടെ പ്രകടനവും ഗോകുലത്തിന് നിർണായകമാണ്. മാർക്കസ് - കിസേക്ക മുന്നേറ്റ നിര ഗോൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഗോകുലം.
ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ടീമിലെത്തിച്ച മുൻ ദേശീയതാരം റോബിൻ സിംഗ് ഇന്ന് റിയൽ കാശ്മീരിനായി ഇറങ്ങിയേക്കും. ഐവറികോസ്റ്റ് താരം ക്രിസോ, ഇംഗ്ലീഷ് താരം കാല്ലം ഹിക്ഷിൻ ബോതം എന്നിവരടങ്ങിയ കാശ്മീരി ടീം ശക്തമാണ്. സ്‌കോട്ട്ലൻഡുകാരൻ ഡേവിഡ് റോബട്സൺ ആണ് പരിശീലകൻ. അദ്ദേഹത്തിന്റെ മകൻ പ്രതിരോധതാരം മേസൺ റോബർട്സണും ടീമിലുണ്ട്.
നിലവിൽ ഒമ്പത് കളികളിൽ നിന്നായി നാല് ജയവും രണ്ട് സമനിലയും സ്വന്തമാക്കിയ ഗോകുലം കേരള പോയന്റ് പട്ടികയിൽ നാലാമതാണ്. 14 പേയന്റാണ് മലബാറിയൻസിന്റെ സമ്പാദ്യം. എട്ട് കളികളിൽ നിന്ന് മൂന്ന് വിജയവും മൂന്ന് സമനിലയും നേടിയ റിയൽ കാശ്മീർ 12 പോയന്റോടെ ആറാമതാണ്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിൽ കാശ്മീരിനായിരുന്നു ജയം. ഒരു മത്സരം സമനിലയിലായി.