1

നാദാപുരം: പാഴ്‌‌ക്കുപ്പികളിൽ ചാലിച്ച വർണങ്ങൾ വിസ്മയമാകുമെന്ന് സുജിത്ത് കുമാർ കരുതിയിരുന്നില്ല. മഹാത്മാഗാന്ധിയും ക്രിസ്മസ് പാപ്പയും രാഹുൽ ഗാന്ധിയും വിരാട് കോലിയുമടക്കമുള്ളവരെ 'കുപ്പികളിലാക്കിയാണ്" വളയം സ്വദേശി ഇടിക്കുന്നുമ്മൽ സുജിത്ത് കുമാർ നാടിനെ വിസ്മയിപ്പിക്കുകയാണ്.

ചെറുപ്പത്തിലേ ചിത്രം വരപ്പിലും വിവിധ വസ്തുക്കളിൽ രൂപങ്ങളുണ്ടാക്കുന്നതിലും സുജിത്തിന് കമ്പമുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ പിതാവാണ് പ്രോത്സാഹനമാണ് വഴിത്തിരിവായത്. അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സുജിത്തിലെ കലാകാരൻ ചിറകുവിരിച്ചു. തുടർന്ന് കെ.ജി.സി ഫൈൻ ആർട്സ് പൂർത്തിയാക്കി.

ചിത്രം വരയും ശില്പ നിർമ്മാണവുമായി മുന്നോട്ടു പോകുന്നതിനിടെ വളയത്ത് ചിത്രകലാ വിദ്യാലയം ആരംഭിച്ചു. അതിനിടെ ജീവനോപാധി തേടി ഗൾഫിലുമെത്തി. പത്ത് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ വർഷമാണ് തിരിച്ചെത്തിയത്. അതിനു ശേഷമാണ് കുപ്പികളിലെ ചിത്രം എന്ന പരീക്ഷണം തുടങ്ങിയത്. ഇതിനായി മദ്യക്കുപ്പികളുൾപ്പെടെ ശേഖരിച്ച് നന്നായി കഴുകി ഉണക്കും. പിന്നീട് അക്രിലിക് കളർ, കോഫി പൗഡർ, കളിമണ്ണ്, പേപ്പർ, തുണി, പോളിമർ ക്ലേ, തുടങ്ങിയവ ഉപയോഗിച്ച് മനോഹര ചിത്രങ്ങളും രൂപങ്ങളുമുണ്ടാക്കും. പ്രത്യേകം നിർമ്മിച്ച നേർത്ത ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

കളിമണ്ണും മറ്റും ഉണങ്ങാൻ സമയമെടുക്കുന്നതിനാൽ ഒരു സൃഷ്ടി പൂർത്തിയാകാൻ ദിവസങ്ങൾ വേണം. ഇത്തരത്തിൽ രാഷട്രീയ നേതാക്കൾ, കായിക താരങ്ങൾ, ലോക നേതാക്കൾ, സിനിമാ താരങ്ങൾ തുടങ്ങി അഞ്ഞൂറിൽപ്പരം ആളുകൾ ഇതിനകം 'കുപ്പികളിലായി". ഇവയൊരുക്കാൻ ഇരുനൂറ്റമ്പത് രൂപ മുതൽ അഞ്ഞൂറ് രൂപ വരെയാണ് ചെലവാകുന്നതെന്ന് സുജിത്ത് കുമാർ പറയുന്നു. തന്റെ കലാസൃഷ്ടിക്കൾ ഒപ്പിയ കുപ്പികളുടെ പ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് സുജിത്ത് കുമാർ.