റിയൽ കാശ്മീരിനോട് തോറ്റു
കോഴിക്കോട്: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസരങ്ങൾ കളഞ്ഞു കുളിച്ച ഗോകുലം കേരള എഫ്.സി വടക്കുനിന്നെത്തിയ റിയൽ കാശ്മീരിനോട് തോറ്റു. സ്വന്തം മൈതാനത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റ തോൽവി. മാസൺ ലി റോബേർട്ട്സൺ ആണ് ഗോൾ നേടിയത്.
ഇതോടെ 10 കളികളിൽ നിന്ന് 14 പോയന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്തേക്ക് വീണു. വിജയത്തോടെ റിയൽ കാശ്മീർ നാലാമതെത്തി.
കളിയിൽ മേധാവിത്വം പുലർത്തിയെങ്കിലും ഫിനിഷിംഗിലെ പാളിച്ചയാണ് ഗോകുലത്തിന് വിനയായത്. നായകൻ മാർക്കസ് ജോസഫ് ഫിനിഷിംഗിൽ മങ്ങി.
കളിയുടെ ഗതിയ്ക്ക് വിപരീതമായി 49-ാം മിനിട്ടിൽ റിയൽ കാശ്മീർ ഗോൾ നേടി. നൈജീരിയൻ താരം ലൗഡേയുടെ ക്രോസ് മികച്ച ഹെഡറിലൂടെ മാസൺ ലി റോബേർട്ട്സൺ ഗോകുലത്തിന്റെ വലയിലേക്ക് ചെത്തിയിട്ടു. ഒരു ഗോളിന് പിന്നിലായതോടെ ഉണർന്നു കളിച്ച ഗോകുലം തുടർച്ചയായി ഗോളവസരങ്ങൾ സൃഷ്ടിച്ചു. 53 -ാം മിനിട്ടിൽ ലാൽറം മാവിയയുടെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. ഗാർഷ്യയും മാർക്കസും മികച്ച ഷോട്ടുകൾ പായിച്ചെങ്കിലും കാശ്മീർ ഗോളി ടെമ്പയെ കീഴടക്കാനായില്ല. 82 -ാം മിനിട്ടിൽ ബോക്സിനുള്ളിൽ വച്ച് കിട്ടിയ മികച്ച അവസരം മാർക്കസ് പുറത്തേക്കടിച്ചു. 80 -ാം മിനിട്ടിൽ ഗാർഷ്യയുടെ ഗോളെന്നുറച്ച ഷോട്ട് ഗോളി തട്ടിത്തെറിപ്പിച്ചു.
കളിയുടെ ആദ്യ പത്ത് മിനിട്ടിൽ ഇരു ടീമിനും കാര്യമായ മുന്നേറ്റം നടത്താനായില്ല. 15ാം മിനിട്ടിലാണ് ആദ്യമായി ഗോകുലം റിയൽ കാശ്‌മീർ പോസ്റ്റ് ഉന്നംവച്ച് ഒരു ഷോട്ട് അടിക്കുന്നത്. ഗാർഷ്യയുടെ ഷോട്ട് പക്ഷേ ലക്ഷ്യം കണ്ടില്ല. 20 -ാം മിനിട്ടിൽ ഗാർഷ്യ സൃഷ്ടിച്ച മികച്ച അവസരം സെബാസ്റ്റ്യന് മുതലാക്കാനായില്ല. 30 മിനിട്ടിന് ശേഷം കളിയിൽ ആധിപത്യം നേടിയ മലബാറിയൻസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ഷോട്ടുകൾ ഒന്നും ലക്ഷ്യം കണ്ടില്ല.