പുൽപ്പള്ളി: ആലത്തൂരിൽ വീണ്ടും വന്യജീവിയുടെ ആക്രമണത്തിൽ ആടിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ എടൂർ ജോർജ്ജിന്റെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് ആടിനെ പിടികൂടിയത്. ആട് കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും ജീവി ആടിനെ ഉപേക്ഷിച്ച് കടന്നിരുന്നു. മാരകമായി മുറിവേറ്റ നിലയിലാണ് ആട്. വനപാലകർ സ്ഥലം സന്ദർശിക്കുകയും പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് വടക്കേക്കാട്ടിൽ സീതയുടെ വീട്ടിലെ ആടിനേയും വന്യജീവി കൊന്നിരുന്നു. വളർത്തുമൃഗങ്ങളെ കൊല്ലുന്ന വന്യജീവിയെ പിടികൂടണം എന്ന ആവശ്യം ശക്തമാണ്. തുടർച്ചയായി വന്യജീവി ഇറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുന്നത് ആളുകളെ ഭയത്തിലാക്കിയിരിക്കുകയാണ്. അതേസമയം പൂച്ചപ്പുലിയാണ് ആടുകളെ പിടികൂടിയത് എന്നാണ് വനംവകുപ്പ് പറയുന്നത്.
ഫോട്ടൊ- ആടുകളെ പിടികൂടുന്ന വന്യജീവിക്കായി ആലത്തൂരിൽ പരിശോധന നടത്തുന്ന വനപാലക സംഘം