സുൽത്താൻ ബത്തേരി : ജോലിയിൽ പ്രവേശിച്ചപ്പോൾ നൽകിയ വിലാസം മാറ്റുന്നതിനായി നൽകിയ അപേക്ഷ വൈകിപ്പിച്ചതു കാരണം വീണ്ടും മാതൃ യൂണിറ്റിലേക്ക് സ്ഥലം മാറ്റി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറായ എ.എൽ.അപ്പുകുട്ടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കെ.എസ്.ആർ.ടി.സി യുടെ കോട്ടയം ഡിപ്പോവിലായിരുന്നു ആദ്യം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് 2004 മുതൽ സുൽത്താൻ ബത്തേരി ഡിപ്പോവിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പ്രായമായ അമ്മയെ നോക്കേണ്ടതിനാൽ അമ്മയെയും ഒപ്പംകൂട്ടി ബത്തേരിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. സേവന പുസ്തകത്തിൽ നേരത്തെയുണ്ടായിരുന്ന കോട്ടയം മേൽവിലാസം മാറ്റി ബത്തേരിയിലെ മേൽവിലാസം ചേർക്കുന്നതിന്‌ വേണ്ടി രേഖാമൂലം ബത്തേരി ഡിപ്പോവിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ സെക്‌ഷനിൽ നിന്ന് അപേക്ഷ ചീഫ് ഓഫീസിൽ എത്തിയില്ല. തന്റെ അപേക്ഷ മനപൂർവ്വം വൈകിപ്പിച്ചതാണെന്ന് അപ്പുകുട്ടൻ പറഞ്ഞു.
സർവ്വീസിൽനിന്ന് വിരമിക്കാൻ ഇനി ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ തന്നെ വീണ്ടും മാതൃയൂണിറ്റിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്നും തന്റെ 20 വർഷത്തെ സേവനവും പ്രായവും രോഗിയായ അമ്മയുടെ ദയനീയാവസ്ഥയും പരിഗണിച്ച് ബത്തേരിയിലേക്ക് തന്നെ ട്രാൻസ്ഫർ ചെയ്യണമെന്നും അദ്ദേഹം മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ചു.